
തിരുവനന്തപുരം: വെള്ളാറിലെ അയ്യങ്കാളി ലൈഫ് ഭവന സമുച്ചയത്തിലേക്ക് വാഹനമെത്താനുള്ള റോഡില്ലാത്തത് താമസക്കാരെ ദുരിതത്തിലാക്കുന്നു. ഓട്ടോറിക്ഷ പോലും ഫ്ളാറ്റിനടുത്തേക്ക് എത്താനാകാത്തത് കാരണം രോഗികളെയും വയോധികരെയും ചുമന്ന് റോഡിലെത്തിച്ച് വാഹനത്തിൽ കയറ്റേണ്ട ഗതികേടിലാണെന്ന് താമസക്കാർ പറയുന്നു.
അപകടത്തിൽ കാലിന് ഗുരുതര പരുക്കേറ്റ ഫ്ലാറ്റ് നിവാസി യായ യുവതിയെ കഴിഞ്ഞ ദിവസം ഭവന സമുച്ചയത്തിലെ താമസ സ്‌ഥലത്ത് സ്ട്രെച്ചറിൽ ചുമന്ന് എത്തിച്ചതാണ് ഒടുവിലത്തെ സംഭവം. എട്ടാമത്തെ ഫ്ലാറ്റിൽ താമസിക്കുന്ന പ്രേം സുജിത്തിന്റെ ഭാര്യ ഷീജ മോളെ (31) ആണ് നാട്ടുകാരുൾപ്പെടെ ചേർന്ന് ഫ്ലാറ്റിലെ രണ്ടാം നിലവരെ ചുമന്ന് എത്തിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ തിരുവല്ലം ടോൾ പ്ലാസക്ക് സമീപമുണ്ടായ അപകടത്തിലാണ് സ്‌കൂട്ടർ യാത്രികയായിരുന്ന ഷീജ മോൾക്ക് പരുക്കേറ്റത്.
നിലവിൽ ഫ്ളാറ്റിലേക്കുള്ള റോഡ് കുണ്ടും കുഴികളു കല്ലും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇത് പുനർ നിർമിക്കണമെന്ന താമസക്കാരുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഫ്ളാറ്റിന് ചുറ്റുമതിലും മാലിന്യം സംസ്ക്കരിക്കാനുള്ള സൗകര്യം ഇല്ല. റോഡിന്റെ നിർമാണത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും മതിൽ നിർമ്മിക്കുമെന്നും മാലിന്യ സംസ്ക്കരണത്തിനായി 10 സെന്റ് സ്‌ഥലം വാങ്ങിയിട്ടുണ്ടെന്നും വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.ശ്രീകുമാർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam