കുടിവെള്ളമില്ല, തോട്ടില്‍നിന്ന് വെള്ളം ചുമക്കുന്നത് അധ്യാപകര്‍; ദുരിതം തീരാതെ കന്നിമലയിലെ സര്‍ക്കാര്‍ സ്കൂള്‍

By Web TeamFirst Published Sep 2, 2018, 1:28 PM IST
Highlights

അധ്യാപകര്‍ വെള്ളം ചുമന്ന് എത്തിക്കുന്നതു കൊണ്ടു മാത്രമാണ് കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കുന്നത്. 

ഇടുക്കി: കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ കന്നിമല സര്‍ക്കാര്‍ യു.പി സ്‌കൂള്‍ ഇപ്പോഴും ദുരിതത്തിലാണ്. കുടിവെള്ളത്തിന് ക്ഷാമം നേരിട്ടിരുന്ന സ്‌കൂളിന്റെ പരിസരത്തുണ്ടായ മണ്ണിടിച്ചിലില്‍ പൈപ്പുകളും തകര്‍ന്നതോടെ ദുരിതാവസ്ഥയാണ് സ്‌കൂളിന്. പൈപ്പുകളില്‍ നിന്ന് വെള്ളമെത്താതായതോടെ അധ്യാപകര്‍ തന്നെ കോമ്പൗണ്ടിനു വെളിയില്‍ നിന്ന് വെള്ളം ചുമന്ന് എത്തിക്കേണ്ട സ്ഥിതിയായി. ശുചിമുറിയിലും വെള്ളമെത്താതായതോടെ കുട്ടികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പോലും സൗകര്യമില്ലാതെ വലയുകയാണ്. 

അധ്യാപകര്‍ വെള്ളം ചുമന്ന് എത്തിക്കുന്നതു കൊണ്ടു മാത്രമാണ് കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കുന്നത്. തോട്ടിലെ വെള്ളം മലിനമാകുമ്പോള്‍ ഓട്ടോയില്‍ വെള്ളമെത്തിക്കേണ്ട ദുരവസ്ഥയിലാണ് അധ്യാപകര്‍. പാചകത്തിനായുള്ള വെള്ളവും ശേഖരിക്കുന്നത് തോട്ടില്‍ നിന്നു തന്നെയാണെന്ന്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു. ശുചിമുറികളില്‍ ഉപയോഗിക്കുന്നതും അധ്യാപകര്‍ എത്തിക്കുന്ന വെള്ളമാണ്. പഠിപ്പിക്കുന്നതിനോടൊപ്പം വെള്ളം ചുമക്കുന്ന ജോലി കൂടി ആയതോടെ അധ്യാപകരുടെ ഭാരം കൂടി.

വെള്ളത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ സ്‌കൂളിന്റെ സ്വന്തം ഫണ്ടുപയോഗിച്ച് പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും അത് പതിവായി  മോഷണം പോകുന്നതാണ് തിരിച്ചടിയായത്. കെ.ഡി.എച്ച്.പി കമ്പനിയാണ് നിലവില്‍ വെള്ളം നല്‍കി വന്നിരുന്നത്. എന്നാല്‍ കാലവര്‍ഷക്കെടുതിയില്‍ സ്‌കൂളിന്റെ പ്രവേശന ഭാഗത്ത് മണ്ണിടിഞ്ഞതോടെ പൈപ്പുകള്‍ തകര്‍ന്നു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കമ്പനിയെ സ്‌കൂള്‍ അധികൃതര്‍ സമീപിച്ചെങ്കിലും 37 കുപ്പി വെള്ളം മാത്രമാണ് ലഭിച്ചത്. സ്‌

കൂളിന്റെ റോഡ് നശിച്ചതോടെ താല്‍ക്കാലികമായി സ്ഥാപിച്ച വഴിയിലൂടെയാണ് സ്‌കൂളിലേയ്ക്ക് പ്രവേശിക്കാനാവുക. കനത്ത മഴ പെയ്യുമ്പോള്‍ സ്‌കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നത് പതിവാണ്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തി തരണമെന്ന് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും സ്‌കൂളിനോടുള്ള അവഗണന തുടരുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലുള്ള സര്‍ക്കാര്‍ സ്‌കൂളിനാണ് ഈ ദുരവസ്ഥ എന്നതാണ് ശ്രദ്ധേയം. 
 

click me!