ആശങ്കയ്ക്ക് വകയില്ല; മുതുമലയിലെ ആനകളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

By Web TeamFirst Published Jun 13, 2021, 10:52 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഇസാത്ത് നഗറിലുള്ള വെറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനഫലം തമിഴ്‌നാട് വനംവകുപ്പിന് ലഭിച്ചത്.


കൽപ്പറ്റ: മുതുമലയിലെ ആനകളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്ന വാര്‍ത്ത കൗതുകത്തേക്കാളും ആശങ്ക സൃഷ്ടിച്ച ഒന്നായിരുന്നു. മനുഷ്യരുമായി അടുത്തിടപഴകുന്ന മൃഗമെന്ന നിലക്ക് ഇക്കാര്യം ഗൗരവത്തോടെയാണ് അധികൃതരും കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ശുഭവാര്‍ത്ത എത്തിയിരിക്കുന്നു. ആനപരിപാലകര്‍ക്കും വനം ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി മുതുമലയിലെ 28 ആനകളുടെയും കൊറോണ പരിശോധന ഫലം നെഗറ്റീവായി. 

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഇസാത്ത് നഗറിലുള്ള വെറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനഫലം തമിഴ്‌നാട് വനംവകുപ്പിന് ലഭിച്ചത്. ചെന്നൈ അരിഗ്നര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുതുമലയിലെ ആനകളെയും പരിശോധിക്കാന്‍ വനം മന്ത്രി ഉത്തരവിറക്കിയത്. ഇത് പ്രകാരം 28 ആനകളുടെയും സ്രവം ശേഖരിച്ചിരുന്നു. കുട്ടിയാനകളുടെയടക്കം സ്രവം ശേഖരിച്ചായിരുന്നു പരിശോധനക്ക് അയച്ചത്. അതേ സമയം പരിശോധന ഫലം നെഗറ്റീവായെങ്കിലും ജാഗ്രത തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം. 

ക്യാമ്പിലെ പ്രായമായ ആനകള്‍ക്ക് കൊവിഡ് കാലത്ത് പ്രത്യേക പരിപാലനം നല്‍കും. ഇതിന്റെ ഭാഗമായി ഇത്തരം ആനകളെ പരിപാലിക്കുന്നവരുടെ ടെമ്പറേച്ചര്‍ പരിശോധിക്കും. പാപ്പാന്മാര്‍ അടക്കമുള്ള ആനപരിപാലകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മുതുമല വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസികള്‍ക്ക് പ്രത്യേക കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് നടത്തും. 

മുതുമലയില്‍ ആനപരിപാലകരായ 52 പേര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നയിടം കൂടിയാണ് മുതുമല വന്യജീവി സങ്കേതം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ അടച്ചിട്ടതിനാല്‍ മറ്റു ആശങ്കളൊന്നും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് നീലഗിരി അടക്കമുള്ള ജില്ലകളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്.

click me!