
തൃശൂര്‍: ഇരിങ്ങാലക്കുട നഗരത്തിന്റെ പ്രധാന റോഡുകളിലൂടെയുള്ള യാത്രകള്‍ ഏറെ അപകടകരമായി മാറിയിരിക്കുന്നു. പ്രധാന റോഡുകളിലെല്ലാം തന്നെ വെറും കുഴികളല്ല, വലിയ ഗര്‍ത്തങ്ങൾ തന്നെയുണ്ടായിരിക്കുന്നു. പട്ടണത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമായി നിര്‍മിച്ച ബൈപ്പാസ് റോഡില്‍ കുഴിയില്‍ വീഴാതെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.
മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴിയുടെ താഴ്ച അറിയാതെ ഇരുചക്ര വാഹനങ്ങള്‍ വീണ് അപകടം പറ്റുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും ഈ കുഴികളില്‍ വീണ് ദമ്പതികള്‍ക്ക് പരുക്ക് പറ്റിയിരുന്നു. പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതും രാത്രിയിലെ അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് രൂപപ്പെട്ട കുഴികള്‍ വേണ്ടത്ര അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഇത്രയും എണ്ണവും ആഴവും വര്‍ധിക്കാന്‍ ഇടയാക്കിയത്.
ബസ് സ്റ്റാന്‍ഡ് എ.കെ.പി. റോഡില്‍ സണ്ണി സില്‍ക്ക്‌സിന് മുന്നിലെ കുഴികളുടെ അവസ്ഥയും ഇതുതന്നെ. എം സാന്റ് ഉപയോഗിച്ചുള്ള കുഴിയടയ്ക്കല്‍ വെള്ളത്തില്‍ വരച്ച വരയാണെന്ന് നഗരസഭ അധികൃതര്‍ക്ക് അറിയാതെ അല്ല. റോഡുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് വേണമെങ്കില്‍ പറയാം എന്ന സ്ഥിതി. കോളജിലേക്ക് വരുന്ന വിദ്യാര്‍ഥികളടക്കം ഈ കുഴികളിലൂടെ നീന്തി കയറി വേണം കോളജിലെത്താന്‍.
കുടിവെള്ള പദ്ധതികള്‍ക്കായി റോഡ് വെട്ടിപ്പൊളിച്ചതും കൂടി ആയതോടെ നഗരത്തിലെ പേഷ്‌കാര്‍ റോഡ്, ഫാ. ഡിസ്മാസ് റോഡ്, പാര്‍ക്ക് റോഡ് തുടങ്ങി ഒട്ടുമിക്ക റോഡുകളും തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തിൽ മാത്രമാണ് ഓണ്‍ഫണ്ടില്‍ നിന്നും പണമെടുത്ത് കഴിഞ്ഞ ദിവസം നഗരസഭ അടച്ചിട്ടുള്ളത്. ബാക്കിയുള്ള കുഴികളിലും ആരെങ്കിലും വീണ് ഗുരുതര അപകടം പറ്റുന്നത് വരെ നോക്കി ഇരിക്കുകയാണോ അധികൃതര്‍ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ആത്മഹത്യാ ശ്രമം തടയണം, കരുവന്നൂര്‍ പാലത്തില്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ചുതുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം