
ആലപ്പുഴ: കൊല്ലം ജില്ലകളിലെ പൊലീസിനെ വട്ടംകറക്കിയ കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ ഒടുവിൽ പിടിയിൽ. രണ്ട് മാസത്തിനിടെ കൊല്ലം, ആലപ്പുഴ ജില്ലകളിലായി അന്പതിലേറെ സ്ഥലങ്ങളിലായിരുന്നു പക്കി സുബൈർ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ മോഷണങ്ങൾ കൃത്യമായി പതിയാറുണ്ടെങ്കിലും സുബൈറിലേക്ക് എത്തൽ അതിസാഹസികമായിരുന്നു പൊലീസിന്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മാവേലിക്കര, അന്പലപ്പുഴ, കരുനാഗപ്പള്ളി, ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ 50ലേറെ മോഷണം നടത്തിയ പക്കി സുബൈർ. ഒടുവിൽ പൊലീസിന്‍റെ വലയിലായിരിക്കുന്നു. മാവേലിക്കര പൊലീസാണ് കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഇന്ന് പുലർച്ചെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുബൈറിനെ പിടികൂടാൻ രാത്രിയിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു കൊല്ലത്തേയും ആലപ്പുഴയിലേയും പൊലീസുകാർ.
കൊല്ലം ശൂരനാട് സ്വദേശിയാണ് 51കാരനായ പക്കി സുബൈർ. ഒട്ടേറെ സ്ഥലങ്ങളിൽ മോഷണം നടത്തിവന്ന സുബൈർ, 2022ൽ മാവേലിക്കര പൊലീസിന്‍റെ പിടിയിലായി. ജയിലിലുമായി. കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറങ്ങി. അതോടെയാണ് നാട്ടുകാരുടേയും പൊലീസിന്‍റേയും ഉറക്കം നഷ്ടമായത്. അതിന് ശേഷമാണ് കൊല്ലം, ആലപ്പുഴ ജില്ലകളിലായി 50ലേറെ സ്ഥലങ്ങളിൽ മോഷണം നടത്തിയത്.
അടിവസ്ത്രം മാത്രം ധരിച്ചാണ് പക്കി സുബൈർ മോഷണത്തിന് ഇറങ്ങുന്നത്. ആയുധം കൊണ്ടുനടക്കാറില്ല. മോഷ്ടിക്കാൻ തീരുമാനിച്ച വീടിന്‍റേയോ കടയുടേയെ സമീപത്തുനിന്ന് കിട്ടുന്ന ആയുധങ്ങൾ ഉപയോഗിച്ചാകും വാതിലും ഷട്ടറുമൊക്കെ കുത്തിത്തുറക്കുക. പുലർച്ചെ മൂന്ന് മണിയോടെ കവർച്ച പൂർത്തിയാക്കി മടങ്ങും.
പറ്റിയാൽ മോഷണം നടത്തിയ സ്ഥലത്ത് തന്നെ കുളിച്ചിട്ടാകും പക്കി സുബൈറിന്‍റെ മടക്കം. പകൽ തീവണ്ടിയിലോ ബസിലോ ആകും മുഴുവൻ സമയവും കഴിച്ചുകൂട്ടുക. മൊബൈൽ ഫോൺ ഉപയോഗിക്കാറുമില്ല. അതായിരുന്നു പക്കി സുബൈറിനെ കണ്ടെത്താൻ പൊലീസിന് ഏറേ നാൾ പ്രതിസന്ധി സൃഷ്ടിച്ചതും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam