ദുരിതബാധിതര്‍ക്ക് വീട് വയ്ക്കാന്‍ സ്വന്തം സ്ഥലം വിട്ടു നല്‍കി നഴ്സിംഗ് ജീവനക്കാരി

By Web TeamFirst Published Aug 19, 2019, 2:19 PM IST
Highlights

സഹതാപമല്ല മറിച്ച് അനുതാപമാണ് ആവശ്യം എന്നാണ് നഴ്‍സിംഗ് പഠിപ്പിക്കുന്നത്. അതു തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നതും.  കഴിഞ്ഞ തവണ പ്രളയം വന്നപ്പോള്‍ തന്നെ മനസ്സില്‍ ഇങ്ങനൊയൊരു ആഗ്രഹമുണ്ടായിരുന്നു - പ്രിയകുമാരി പറയുന്നു. 

കാസര്‍ഗോഡ്: പ്രളയ ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ സ്വന്തം ഭൂമിയുടെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി നഴ്സിംഗ് ജീവനക്കാരി. കാസർഗോഡ് കുറ്റിക്കോൽ സ്വദേശി പ്രിയാകുമാരിയാണ് പത്ത് സെന്റ് ഭൂമി സർക്കാറിന് കൈമാറിയത്.

മൂളിയാർ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്‍സാണ് പ്രിയാകുമാരി. സഹജീവികളുടെ വേദന നന്നായിഅറിയുന്നവൾ. ഈ സഹാനുഭൂതിയാണ് തന്റെ ഭൂമിയിലെ ഒരു പങ്ക് പ്രളയത്തിലും മഴക്കെടുതിയിലും എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകാൻ കാരണം.

സഹതാപമല്ല മറിച്ച് അനുതാപമാണ് ആവശ്യം എന്നാണ് നഴ്‍സിംഗ് പഠിപ്പിക്കുന്നത്. അതു തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നതും.  കഴിഞ്ഞ തവണ പ്രളയം വന്നപ്പോള്‍ തന്നെ മനസ്സില്‍ ഇങ്ങനൊയൊരു ആഗ്രഹമുണ്ടായിരുന്നു - പ്രിയകുമാരി പറയുന്നു. വൈദ്യുതി വകുപ്പിൽ ലൈൻമാനായി ജോലിനോക്കുന്ന ഭർത്താവ് രവീന്ദ്രൻ പ്രിയാകുമാരിയുടെ തീരുമാനത്തിന് പൂർണ പിന്തുണ നൽകി. 

വൈകാതെ കളക്ടറേറ്റിൽ നേരിട്ടെത്തി ഭൂമിയുടെ രേഖകളും കൈമാറി. കുടുംബ  സ്വത്തായി കിട്ടിയ 92 സെന്റ് ഭൂമിയിൽ നിന്നും പത്ത് സെന്റാണ് കൈമാറിയത്. ഭൂമി സർക്കാർ തന്നെ അർഹതപ്പെട്ടവർക്ക് നൽകട്ടെയെന്നാണ് പ്രിയാകുമാരി പറയുന്നത്. 

കാസര്‍ഗോഡ് ജില്ലയില്‍ ഈ പ്രളയത്തില്‍ ഏതാണ്ട് 29-ഓളം പേര്‍ക്ക് വീട് നഷ്‍ടമായിട്ടുണ്ട്. നിരവധിയാളുകള്‍ക്ക് ഭൂമി നഷ്ട‍മായിട്ടുണ്ട് അത്തരക്കാരുടെ പുനരധിവാസത്തിന് ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് - കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സി.സജിത്ത് ബാബു പറഞ്ഞു. 

click me!