തൃശൂരിൽ ശ്രീചക്രാ ഡിസ്റ്റലറിയുടെ ബ്രൂവറി തേടി ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

By Valsan RamamkulathFirst Published Oct 1, 2018, 9:05 PM IST
Highlights

തൃശൂരിലെ വമ്പന്മാരുമായി അടുത്ത ബന്ധമുള്ള വ്യവസായ മന്ത്രിയറിയാതെ തീരുമാനം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ആക്ഷേപിക്കുന്നത്. ആസ്ഥാനം കണ്ടെത്തിയാൽ ഉടനടി പ്രക്ഷോഭം എന്ന നിലയ്ക്കാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

തൃശൂർ: രാഷ്ട്രീയ കേരളത്തില്‍ ' ബ്രൂവറി ' കത്തിക്കയറുമ്പോൾ, തൃശൂരിൽ "ശ്രീചക്രാ ഡിസ്റ്റലറി" എവിടെയാണെന്ന് കണ്ടെത്താൽ നെട്ടോട്ടം. തൃശൂരിൽ ലൈസൻസില്ലാത്ത കമ്പനിക്കാണ് വകുപ്പിന്‍റെ 'അനുമതിപത്രം' എന്നതിനാൽ ഇവിടത്തെ എക്സൈസ് അധികൃതരാണ് ഓട്ടത്തിൽ മുമ്പന്മാർ. റിപ്പോർട്ട് തരപ്പെടുത്തി വയ്ക്കാൻ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും പിറകെയുണ്ട്.

ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കുന്നതിനാണ് പെരുമ്പാവൂരിലെ ശ്രീ ചക്രാ ഡിസ്റ്റലറീസിന് സർക്കാർ തൃശൂരിലും പ്രവർത്തിക്കാൻ അനുമതി നൽകിയത്. സാധാരണയായി ഇത്തരം അപേക്ഷകളിൽ ജില്ലാ ഓഫീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നു പോലും തൃശൂർ എക്സൈസ് കമ്മീഷണർ ഓഫീസ് അറിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അപേക്ഷയോ, ഫയലോ ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളോ ഒന്നും തൃശൂർ ഓഫീസിൽ എത്തിയിരുന്നില്ലെന്നാണ് പറയുന്നത്. 

ജില്ലയിൽ മൂന്ന് ഡിസ്റ്റലറീസും, രണ്ട് കോമ്പൗണ്ടിംഗ്, ബെന്‍ഡിംഗ്, ബോട്ടിലിംഗ് യൂണിറ്റുകളുമുൾപ്പെടെ അഞ്ചെണ്ണമാണ് നിലവിൽ എക്സൈസ് വകുപ്പിന്‍റെ അനുമതിയിൽ പ്രവർത്തിക്കുന്നത്. ഇത് കൂടാതെയാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതനുസരിച്ചുള്ള പെരുമ്പാവൂരിലെ ശ്രീചക്രാ ഡിസ്റ്റലറീസിന് മദ്യം നിർമ്മിക്കുന്നതിനുള്ള അനുമതി കൂടി നൽകിയിരിക്കുന്നത്. സ്ഥലമുൾപ്പെടെയുള്ളവ രേഖപ്പെടുത്തിയായിരിക്കും അപേക്ഷ സമർപ്പിക്കുക. അപേക്ഷയിൽ നൽകിയ സ്ഥലം വ്യക്തമാക്കിയാണ് അനുമതിയുത്തരവ് നൽകുക. 

എന്നാൽ ശ്രീചക്രക്ക് നൽകിയിരിക്കുന്നത് തൃശൂർ ജില്ല എന്ന് മാത്രമാണ്. ജില്ലയിൽ എവിടെ വേണമെങ്കിലും ഇവർക്ക് ഡിസ്റ്റലറീസ് പ്രവർത്തിപ്പിക്കാനാവും. എന്നാൽ, ശ്രീചക്ര ഡിസ്റ്റലറീസിന് ലൈസൻസ് ഇല്ലാതെ അനുമതി നൽകിയത് വിനയാവുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ അടക്കം പറയുന്നത്. സമാനമാണ് കണ്ണൂരിലുൾപ്പെടെ മറ്റ് മദ്യ ഉൽപ്പാദന യൂണിറ്റുകൾക്കെല്ലാം അനുമതി നൽകിയിട്ടുള്ളത്. അബ്കാരി നിയമത്തിൻറെ ഭാഗമായ ബ്രൂവറി, ഡിസ്റ്റലറി റൂളുകൾ അനുസരിച്ച് ഉൽപ്പാദന സ്ഥാപനം തുടങ്ങാൻ ആദ്യം വേണ്ടത് ലൈസൻസ് ആണ്. ഇതിന് ശേഷമാണ് മറ്റു നടപടിക്രമങ്ങളെല്ലാം. ഇതിന് മുമ്പ് നേടേണ്ട അനുമതിയെ കുറിച്ച് നിയമത്തിൽ വ്യക്തമാക്കുന്നുമില്ല. 

ലൈസൻസിന് അപേക്ഷിക്കുകയും അപേക്ഷയിൽ സ്ഥലം, സർവേ നമ്പർ ഉൾപ്പെടെയുള്ളവയും അപേക്ഷകനെ കുറിച്ചും വ്യക്തമാക്കിയിരിക്കണം. ഇത് പരിശോധിച്ചും അപേക്ഷകൻറെ സാമൂഹ്യ പശ്ചാത്തലമുൾപ്പെടെയുള്ളവ തയ്യാറാക്കി അതത് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ നിന്നും നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിക്കുക. ഇതിന് ശേഷമാണ് പ്രവർത്തനാനുമതി ലഭിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ പരിശോധിച്ച് ലൈസൻസ് റദ്ദാക്കാൻ കഴിയുന്നതിനാണ് അപേക്ഷയുടെ ആദ്യഘട്ട നടപടിയായി ലൈസൻസ് ആയി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശ്രീ ചക്രയുൾപ്പെടെ ഇപ്പോൾ സർക്കാർ അനുമതി നൽകിയ സ്ഥാപനങ്ങളൊന്നും ലൈസൻസിന് അപേക്ഷിച്ചിട്ടില്ല. 

അന്വേഷണങ്ങളെയും പുറംലോകമറിയാനുള്ള വഴികളെ ഒഴിവാക്കാനും വേണ്ടിയാണ് ഈ നീക്കമുണ്ടായതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാർ അനുമതിയുണ്ടെന്ന കാരണത്താൽ, ഏതെങ്കിലും വിധത്തിലായാലും ലൈസൻസ് റദ്ദാക്കുന്നത് പ്രയാസമാകുമെന്നും എക്സൈസ് അധികൃതർ പറയുന്നു. സർക്കാർ ഫയൽ നമ്പരിട്ട് ഇക്കഴിഞ്ഞ ജൂലായ് 12ന് അനുമതി നൽകിയ ശ്രീചക്രയെ സംബന്ധിച്ച് ഇതുവരെയും തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് ഇക്കാര്യമറിയിച്ച് എത്തിയിട്ടില്ല. ഇതോടൊപ്പം ജില്ലയിലെ പ്രമുഖ സമുദായ സംഘടനയുടെ നേതാവിന്‍റെ ഗ്രൂപ്പിന് നിലവിലെ ഉൽപ്പാദക ശേഷി വർധിപ്പിച്ച് നൽകിയതും തൃശൂർ ഓഫീസ് അറിഞ്ഞിട്ടില്ല. മണ്ണുത്തി, ചേലക്കര, കിരാലൂർ എന്നിവിടങ്ങളിലാണ് നിലവിൽ ഡിസ്റ്റലറികൾ പ്രവർത്തിക്കുന്നത്. 

കാര്യങ്ങളെന്തായാലും പോലീസുകാരെ പോലെ രാഷ്ട്രീയ കക്ഷികളും മദ്യവിരുദ്ധ സംഘടനകളും പ്രതിഷേധ-സമര പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നടക്കുന്ന കടലാസ് സംഘടനകളും "തൃശൂരിൻറെ ബ്രൂവറി" തേടിയുള്ള നെട്ടോട്ടത്തിലാണ്. പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, ചില സിപിഎം നേതാക്കളും സർക്കാരിൽ ഇത്രമേൽ സ്വാധീനമുള്ള ശ്രീചക്രയുടെ തൃശൂരിലെ ആസ്ഥാനം തേടി അലയുകയാണ്. ഭരണപക്ഷത്തെ ഇതര പാർട്ടിക്കാർക്കും ശ്രീചക്രാ ഡിസ്റ്റലറി എവിടെയാണ് സ്ഥാപിക്കുന്നതെന്ന് കണ്ടെത്താനായിട്ടില്ല.

അതേസമയം, തൃശൂരിലെ വമ്പന്മാരുമായി അടുത്ത ബന്ധമുള്ള വ്യവസായ മന്ത്രിയറിയാതെ തീരുമാനം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ആക്ഷേപിക്കുന്നത്. ആസ്ഥാനം കണ്ടെത്തിയാൽ ഉടനടി പ്രക്ഷോഭം എന്ന നിലയ്ക്കാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഗാന്ധിജയന്തി ആഘോഷത്തിനായി ചൊവ്വാഴ്ച തൃശൂരിലെത്തുന്ന പ്രതിപക്ഷ നേതാവിൻറെ നിർദ്ദേശങ്ങൾ ജില്ലയിലെ ബ്രൂവറി പോരാട്ടത്തിന് തിരികൊളുത്താനാകുമെന്നും കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതീക്ഷിക്കുന്നു.

എന്നാല്‍ ബ്രൂവറി വിവാദം അപ്രസക്തമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ശ്രീചക്രയ്ക്ക് അനുമതി നല്‍കിയത് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറികടന്നല്ലെന്നും ഇപ്പോള്‍ നല്‍കിയത് അനുമതി പത്രം മാത്രമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. അന്തിമ ലൈസന്‍സിന് വിവിധ വകുപ്പുകളുടെ അനുമതി വേണമെന്നും ഋഷിരാജ് സിംഗ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.  

ശ്രീചക്ര ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂര്‍ ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാൻ അനുമതി നല്‍കിക്കൊണ്ടുളള എക്സൈസ് കമ്മീഷണറുടെ ഉത്തരവ് ജൂലയ് 12ന് ലഭിച്ചെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി സമര്‍പ്പിച്ചിരുന്നില്ല. കമ്പനി സമര്‍പ്പിക്കുന്ന വിവരങ്ങള്‍ തൃപ്തികരമാണെങ്കില്‍ അനുമതിയ്ക്ക് 24 മണിക്കൂര്‍ മതി. വ്യവസായ വകുപ്പിന്‍റെയോ കിൻഫ്രയുടെയോ സ്ഥലം വിട്ടുകൊടുത്തിട്ടില്ലെന്ന് തൃശൂരിലെ ജില്ലാ വ്യവസായ കേന്ദ്രം മാനേജരും വ്യക്തമാക്കിയിരുന്നു.

click me!