രണ്ടരക്കോടിക്ക് വിലയില്ലേ? കാട് കയറി നശിച്ച് മലങ്കരയുടെ സ്വപ്ന പദ്ധതി, കണ്ണടച്ച് ഇരുട്ടാക്കി അധികൃതര്‍

By Web TeamFirst Published Sep 29, 2021, 10:59 AM IST
Highlights

മിനി തിയേറ്ററും അക്വേറിയവും ലഘുഭക്ഷണശാലയുമൊക്കെയായി മലങ്കരയുടെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാവേണ്ടിയിരുന്നതാണ് ഈ എൻട്രൻസ് പ്ലാസ. എന്നാൽ നിര്‍മ്മാണത്തിലെ അപാകതകൾ എല്ലാം കുളമാക്കി.

തൊടുപുഴ: രണ്ടരക്കോടി ചെലവിട്ട് പണിത ഇടുക്കി (Idukki) മലങ്കര ടൂറിസം (Tourism) ഹബ്ബിലെ എൻട്രൻസ് പ്ലാസ കാടുകയറി നശിക്കുന്നു. നിര്‍മ്മാണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മലങ്കരയുടെ സ്വപ്നപദ്ധതിയെ തുലച്ചത്. മിനി തിയേറ്ററും അക്വേറിയവും ലഘുഭക്ഷണശാലയുമൊക്കെയായി മലങ്കരയുടെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാവേണ്ടിയിരുന്നതാണ് ഈ എൻട്രൻസ് പ്ലാസ. എന്നാൽ നിര്‍മ്മാണത്തിലെ അപാകതകൾ എല്ലാം കുളമാക്കി.

കെട്ടിടത്തിന്‍റെ മുകൾ വശത്തായാണ് വെന്‍റിലേറ്റര്‍ കൊടുത്തത്. ഇതുവഴി ചാറ്റൽ മഴയ്ക്ക് പോലും വെള്ളം കയറുന്ന അവസ്ഥയാണ്. ശുചിമുറികളുടെ ഭാഗത്തും ആകെക്കുഴപ്പമാണ്. സര്‍ക്കാര്‍ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനായിരുന്നു നിര്‍മ്മാണ ചുമതല. അവരെ പഴിചാരി രക്ഷപ്പെടുകയാണ് ടൂറിസം വകുപ്പ്. പ്രശ്നം പരിഹരിക്കാനോ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ രണ്ട് വര്‍ഷമായി ഒന്നും ചെയ്തിട്ടുമില്ല.

നഷ്ടം പൊതുഖജനാവിനും മലങ്കരയുടെ ടൂറിസം സ്വപ്നങ്ങൾക്കും മാത്രമായി ഇന്നും അവശേഷിക്കുന്നു. ഇടുക്കിയില്‍ ഇങ്ങനെ ടൂറിസം പദ്ധതികള്‍ നശിക്കുന്നത് ആദ്യ കാര്യമല്ല. നേരത്തെ, മൂന്നാറിലെ വിവിധ ടൂറിസം സെന്‍ററുകള്‍ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞപ്പോഴും ആരും തിരിഞ്ഞു നോക്കാതിരുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ചര്‍ച്ചയായിരുന്നു. അശാസ്ത്രീയമായ നിർമ്മാണവും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും ഒരുക്കാത്തതാണ് പാർക്കിന് തിരിച്ചടിയായത്.

സർക്കാർ ഖജനാവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കിയാണ് ജില്ലാ ടൂറിസം വകുപ്പ് മൂന്നാർ ഗവ. കോളേജിന് സമീപത്ത് ബോട്ടാനിക് ഗാർഡൻ എന്ന പേരിൽ പാർക്ക് നിർമ്മിച്ചത്. ചെങ്കുത്തായ കുന്നിൻ ചെരുവിൽ നിർമ്മിച്ച പാർക്കിന്‍റെ നിർമ്മാണത്തിനെതിരെ വിവിധ തലത്തിൽ നിന്ന് പ്രതിഷേധം ഉയർന്നെങ്കിലും മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ നിർദ്ദേശപ്രകാരമാണ് നിർമ്മാണത്തിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കിയത്.

പുല്ലും പൂക്കളും കുട്ടികൾക്ക് ഉല്ലസിക്കാൻ ഊഞ്ഞാല്‍ നിർമ്മിക്കുകയും ചെയ്തു. ഗാർഡനിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ടൂറിസം വകുപ്പ് ദിവസങ്ങൾ നീണ്ടുനിന്ന ഫ്ളർഷോ  നടത്തുകയും ചെയ്തിരുന്നു. എന്നാൽ കാര്യമായി സന്ദർശകർ എത്തിയില്ലെന്ന് മാത്രമല്ല വരുമാനം നിലയ്ക്കുകയും ചെയ്തു. 2018ലെ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചലിൽ പാർക്കിന്‍റെ ഒരു ഭാഗത്ത് ഭയാനകമായ രീതിയിൽ മണ്ണ് നിറഞ്ഞിരുന്നു.

രണ്ടാം പ്രളയവും തുടർന്നുണ്ടായ കൊവിഡും പാർക്കിന്‍റെ പ്രവർത്തനങ്ങൾക്ക് മങ്ങൽ എൽപ്പിച്ചു. എന്നാൽ നിയന്ത്രണങ്ങള്‍ പിൻവലിച്ചതോടെ ജില്ലയിലെ വിവിധ ടൂറിസം സെന്‍ററുകള്‍ തുറന്നെങ്കിലും ബോട്ടിനിക്ക് ഗാർഡനിൽ സന്ദർശകർ എത്താത്ത അവസ്ഥയായിരുന്നു. 

click me!