
തൃശ്ശൂർ: ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റയാൾ മരിച്ചു. തൃശ്ശൂർ കുന്ദംകുളം പാറേമ്പാടത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70 വയസായിരുന്നു. അക്കിക്കാവ് സ്വദേശിയായിരുന്നു. തൃശൂര്‍ - കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുഞ്ഞുമോൻ തെറിച്ച് വീണത്. ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതിനാൽ കുഞ്ഞുമോൻ വാഹനത്തിൽ നിന്ന് പുറത്തേക്ക് വീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം പാലക്കാട് ജില്ലയിലെ അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. പാലക്കാട് സ്വദേശി സന്ദീപാണ് മരിച്ചത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഒരു ഭാഗത്തെ മണ്ണിടിഞ്ഞ് സന്ദീപിൻ്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സന്ദീപിനെ പുറത്തെടുത്തത്. അവശനിലയിലായ സന്ദീപിനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കണ്ണൂരിൽ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് 47 കാരന് ദാരുണമായ മരണം സംഭവിച്ചത് കേരളത്തിലെ ഫുട്ബോൾ പ്രേമികളെയാകെ ദുഖത്തിലാഴ്ത്തി. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശി നിതീഷാണ് മരിച്ചത്. 47 വയസായിരുന്നു. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ബ്രസീൽ ടീമിന്റെ ആരാധകനായ ഇദ്ദേഹം ബ്രസീൽ ടീമിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്‍റെ ഫ്ലെക്സ് കെട്ടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam