ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികളുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്, ദുരൂഹത

By Web TeamFirst Published Apr 22, 2020, 8:00 PM IST
Highlights

ദമ്പതികളുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടറുകളില്‍ ഒന്നാണ് പൊട്ടിതെറിച്ചത്. അടുക്കളയിലെ ഗ്യാസ് അടുപ്പില്‍ നിന്നും റഗുലേറ്റര്‍ ഊരിയ നിലയിലായിരുന്നു

മാവേലിക്കര: ചെട്ടിക്കുളങ്ങരയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിതെറിച്ച് വൃദ്ധ ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് സംശയമുള്ളതായി പൊലീസ്. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പാലപ്പള്ളില്‍ വിനോദ് നിവാസില്‍ വിമുക്ത ഭടനും മുന്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരനുമായ എം.രാഘവന്‍ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്.  കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ ആയിരുന്നു സംഭവം. 

വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തിയപ്പോള്‍ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന നിലയിലായിരുന്നു. ഓടിയെത്തിയവര്‍ രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ ആളി കത്തിയതിനെ തുടര്‍ന്ന് പിന്മാറി. തീയുയരുന്നതിനിടെയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മറ്റൊരു ഗ്യാസ് സിലണ്ടര്‍ രക്ഷാപ്രവര്‍ത്തകര്‍ എടുത്തു മാറ്റി. ഇതിനുശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

ദമ്പതികളുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടറുകളില്‍ ഒന്നാണ് പൊട്ടിതെറിച്ചത്. അടുക്കളയിലെ ഗ്യാസ് അടുപ്പില്‍ നിന്നും റഗുലേറ്റര്‍ ഊരിയ നിലയിലായിരുന്നു. പൊട്ടിത്തെറിച്ച ഗ്യാസ് സിലണ്ടറില്‍ നിന്നും റഗുലേറ്ററിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കിടപ്പ് രോഗിയായിരുന്ന മണിയമ്മയെ ശുശ്രൂഷിക്കാനായി എത്തിയിരുന്ന ഹോം നഴ്സ് സംഭവ ദിവസം രാവിലെ വരെ ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്നും അവരുടെ വീട്ടിലെ എന്തോ പരിപാടിയ്ക്കായി പോയി. 

മക്കള്‍ മാറി താമസിക്കുന്നതിനാല്‍ വൃദ്ധ ദമ്പതിമാര്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടു മൃതദേഹങ്ങളും കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ  നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയും ഹാളും വീട്ടുപകരണങ്ങളും  പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഫൊറെന്‍സിക് വിദഗ്ദരും പൊലീസ് ഫോട്ടോഗ്രാഫറും എത്തി തെളിവുകള്‍ ശേഖരിച്ചു. ഗ്യാസ് സിലണ്ടറുകള്‍ കിടപ്പ് മുറിയില്‍ സൂക്ഷിച്ചതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദുരൂഹത നിലനില്‍ക്കുന്നു. എന്നാല്‍ സംഭവം ആത്മഹത്യയാണെന്നാണ് മാവേലിക്കര പൊലീസിന്റെ പ്രാഥമിക നിഗമനം. 
 

click me!