തിരുവല്ലത്ത് വയോധികയുടെ ദുരൂഹ മരണം; ഫോറന്‍സിക് സംഘം സ്ഥലത്തെത്തി, അന്വേഷണം ഊർജ്ജിതമാക്കി

By Web TeamFirst Published Jan 11, 2021, 2:53 PM IST
Highlights

വയോധിക അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണ്ണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും  മോഷണം പോയതാണ്
മരണത്ത കുറിച്ച് ദുരൂഹത ഉയരാൻ കാരണം. 

തിരുവനന്തപുരം: തിരുവല്ലത്ത് വയോധികയെ  വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൃതദേഹത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും കൈകളിലും ക്ഷതമേറ്റിരുന്നതായും  പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചാലെ  മരണകാരണം അടക്കമുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളുവെന്നും  തിരുവല്ലം പൊലീസ് പറഞ്ഞു. 

വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ദാറുൽസലാം ഹൗസിൽ പരേതനായ റിട്ട. ബി.ഡി.ഓ ലത്തീഫ് സാഹിബിന്റെ ഭാര്യ, 78 വയസ്സുള്ള ജാൻ ബീവിയെയാണ്  വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ വീടിനുള്ളിൽ  മരിച്ച നിലയിൽ കാണപ്പെട്ടത്. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ മകൻ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചത്.

വയോധിക അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണ്ണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും  മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹത ഉയരാൻ കാരണം. മകൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഒറ്റക്കാകുന്ന വയോധികയ്ക്ക് അയൽവാസിയായ സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. ഇവരാണ്  വൃദ്ധയെ വീടിനുള്ളിൽ മരിച്ചു കിടക്കുന്നനിലയിൽ  കണ്ടകാര്യം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്.

ഇവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം പൊലീസ്, ഫോറൻസിക് വിഭാഗം,  വിരലടയാള വിദഗ്ദർ , ഡോഗ് സ്ക്വാഡ് എന്നിവർ എത്തി പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയതു.  മൃതദേഹത്തിൽ നിന്നും ശേഖരിച്ച ശ്രവം ഉപയോഗിച്ച് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം  ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.

click me!