താളത്തിൽ തുടങ്ങും, കൊട്ടുമുറുകുമ്പോള്‍ ചുവടിന്‍റെ വേഗം കൂടും; ടൗണ്‍ സ്ക്വയറില്‍ കൊക്കമാന്തി കളിയെത്തി

By Web TeamFirst Published Aug 29, 2023, 8:59 PM IST
Highlights

സന്തോഷത്തിലും സങ്കടത്തിലുമെല്ലാം പണിയ വിഭാഗത്തിന്റെ കൂട്ടാണ് കൊക്കമാന്തിക്കളി. താളത്തിൽ തുടങ്ങും, തുടിയിൽ കൊട്ടുമുറുകുമ്പോള്‍ ചുവടിന്‍റെ വേഗം കൂടുന്നതാണ് രീതി. മരിച്ച് പോയവരെ സ്മരിച്ചാണ് കൊക്കമാന്തിയാടുന്നത്.

കണ്ണൂര്‍: ഉത്രാടപാച്ചിലിനിടെ കണ്ണൂർ ടൗണ്‍ സ്ക്വയറിൽ കൊക്കമാന്തി കളിയെത്തി. ഓണം വാരാഘോഷത്തിന്‍റെ ഭാഗമായാണ് ആറളത്തുകാരുടെ കൊക്കമാന്തികളി അരങ്ങേറിയത്. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം പണിയ വിഭാഗത്തിന്റെ കൂട്ടാണ് കൊക്കമാന്തിക്കളി. താളത്തിൽ തുടങ്ങും, തുടിയിൽ കൊട്ടുമുറുകുമ്പോള്‍ ചുവടിന്‍റെ വേഗം കൂടുന്നതാണ് രീതി. മരിച്ച് പോയവരെ സ്മരിച്ചാണ് കൊക്കമാന്തിയാടുന്നത്.

ശരീരത്തിൽ മലദൈവങ്ങള്‍ ഉറഞ്ഞുതുള്ളും, ഇതോടെ എല്ലാ വേദനയും മാറുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. കണ്ണൂരിലെ ഓണം വാരാഘോഷത്തിനെത്തിയ ആറളം ഫാമിലേയും തില്ലങ്കേരി ശങ്കരൻകണ്ടിയിലേയും ആദിവാസി കുടുംബങ്ങള്‍ നാടൻപാട്ടും ഗോത്ര നൃത്തവുമായി അരങ്ങ് തകർത്തു. മഹിളാ സമഖ്യയാണ് പിന്നിലെ ശക്തിയായത്. അതേസമയം, തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും ജനറല്‍ ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും നല്‍കിയാണ് മന്ത്രി മടങ്ങിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ മന്ത്രി വീണാ ജോർജിനൊപ്പം ഉണ്ടായിരുന്നു.

അനാഥര്‍ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി വീണാ ജോർജ് സന്ദര്‍ശനം നടത്തി. അവര്‍ക്കും മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവര്‍ക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു. അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടല്‍ നടത്തി. 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ അന്ന് കഴിഞ്ഞിരുന്നത്. 

'ഇന്നൊരൽപ്പം ക്ഷീണിതൻ, ഈ സാന്നിധ്യം ഊർജദായകം'; വിഎസിന്‍റെ ചിത്രം പങ്കുവെച്ച് മകന്‍റെ ഓണാശംസ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!