മൂന്ന് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

By Web TeamFirst Published Mar 10, 2019, 8:27 AM IST
Highlights

ഹാഷിഷ് ഓയിൽ 140 ഗ്രാം, എൽ എസ് ഡി സ്റ്റാമ്പുകൾ  നാലെണ്ണം, എംഡിഎംഎ പിൽസ് മിഠായി ആറെണ്ണം, ബ്രൗൺഷുഗർ മൂന്ന് ഗ്രാം എന്നിവ ഇയാളിൽ നിന്ന് കണ്ടെത്തി. 

തൃശൂർ: ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂർ  സ്വദേശി നഹീമിനെ (22)യാണ്  തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.  ഹാഷിഷ് ഓയിൽ 140 ഗ്രാം, എൽ എസ് ഡി സ്റ്റാമ്പുകൾ  നാലെണ്ണം, എംഡിഎംഎ പിൽസ് മിഠായി ആറെണ്ണം, ബ്രൗൺഷുഗർ മൂന്ന് ഗ്രാം എന്നിവ ഇയാളിൽ നിന്ന് കണ്ടെത്തി. ഇവയ്ക്ക് മാര്‍ക്കറ്റില്‍ മൂന്നു ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു യുവാവിനെ കയ്യിൽ നിന്നും ഇത്രയുമധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തൃശ്ശൂരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 10 ദിവസമായി എക്സൈസ് റേഞ്ച് സംഘം നിരീക്ഷണത്തിലായിരുന്നു. മുപ്പതോളം വിദ്യാർത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. 

ജില്ലയിൽ മയക്കുമരുന്ന് വ്യാപകമായി വിതരണം നടക്കുന്നത് ചാവക്കാട് മേഖലയിൽ നിന്നാണെന്നും ഇതിന് തൃശൂരിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥിയാണെന്ന് ഇടനിലക്കാരനെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന മയക്കുമരുന്നുകൾ വേണമെന്ന് പറഞ്ഞ് എക്സൈസ് സംഘം ഇയാളുമായി കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതനുസരിച്ച് നഹീം മയക്കുമരുന്നുകളുമായി തൃശ്ശൂരിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2500 രൂപ വീതവും ഒരു LSD ഫുൾ സ്റ്റാമ്പിന് 4000 രൂപ വീതവും, pil എന്നറിയപ്പെടുന്ന എംഡിഎംഎയ്ക്ക് ഒന്നിന് 2500 രൂപ വീതവും, ഒരു ഗ്രാമം ബ്രൗൺഷുഗർ 4500 രൂപ വീതവുമാണ് പ്രതി ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. ഗോവയിൽ നിന്നാണ് സിന്തറ്റിക് ഡ്രഗ്ഗുകൾ പ്രതി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. മാസത്തിൽ രണ്ടുതവണ ഗോവയിൽ പോകുന്ന ഇയാൾ അവിടെനിന്നാണ് മയക്കുമരുന്നുകൾ സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. 

എക്സൈസ് ഇൻസ്പെക്ടർ എം എഫ് സുരേഷ്, എക്‌സൈസ്  ഓഫീസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുനിൽ, മനോജ്, സനീഷ്,  ദേവദാസ്, ബിജു, എന്നിവര്‍  സംഘത്തിലുണ്ടായിരുന്നു. 

click me!