ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ഒരു കോടിയുടെ മയക്കുമരുന്നുവേട്ട: നേവി ഉദ്യോഗസ്ഥനടക്കം എട്ടു പേര്‍ അറസ്റ്റില്‍

By Web TeamFirst Published May 24, 2021, 6:53 AM IST
Highlights

ഒരു കോടിയോളം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നായ സിന്തറ്റിക് ഡ്രഗ് (എഡിഎംഎ), ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട് മദ്യം എന്നിവയാണ് പിടികൂടിയത്.
 

കല്‍പകഞ്ചേരി: ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നുമായി നേവി ഉദ്യോഗസ്ഥനടക്കമുള്ള എട്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിച്ചെന സ്വദേശികളായ പരേടത്ത് മുഹമ്മദ് ശബീബ് (25), വലിയപറമ്പില്‍ മുഹമ്മദ് ഇസ്ഹാഖ് (25), കൈതക്കാട്ടില്‍ അഹമ്മദ് സാലിം (21), വൈരങ്കോട് കാക്കന്‍കുഴി മുബാരിസ് (26), വാളക്കുളം കോഴിക്കല്‍ റമീസ് സുഹസാദ് (24), വാരണാക്കര കൂര്‍മത്ത് സൈഫുദ്ദീന്‍ (25), തെക്കന്‍കുറ്റൂര്‍ മേപറമ്പത്ത് രഞ്ജിത്ത് (21), അല്ലൂര്‍ പുതുക്കിടി റിയാസ് (40) എന്നിവരാണ്  പിടിയിലായത്. 

ഒരു കോടിയോളം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നായ സിന്തറ്റിക് ഡ്രഗ് (എഡിഎംഎ), ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട് മദ്യം എന്നിവയാണ് പിടികൂടിയത്. 

കൊവിഡ് കാലത്ത് ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും മയക്കുമരുന്നു വിതരണം നടത്തുന്നുണ്ടെന്നു ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലദിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈ എസ് പിഎംഐ ഷാജിയുടെ നേത്യത്വത്തില്‍ സ്പെഷ്യല്‍ ടീംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. 

ബംഗളൂരുവില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലും മെഡിസിന്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി പ്രതികള്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ചു ആവശ്യക്കാര്‍ക്കായി വിതരണം ചെയ്യുന്നത്. ഇങ്ങനെ എത്തുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി 500, 2500, 4000 രൂപക്ക് ആവശ്യക്കാര്‍ക്ക് വിതരണം. എസ് കമ്പനി എന്നറിയപ്പെടുന്ന ഈ കമ്പനി അറിയുന്ന ആളുകള്‍ക്ക് മാത്രം കഞ്ചാവ് നല്‍കുകയുള്ളൂ. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഏജന്റുമാര്‍ വിതരണത്തിനും പൊലീസിനെ നിരീക്ഷിക്കുന്നതിനായും ഉണ്ട്. 

ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാര്‍ക്ക് അയച്ചു കൊടുക്കുകയും ശേഖരിച്ചു കഴിഞ്ഞാല്‍ ഫോട്ടോ മായ്ച്ച് കളയുകയും ചെയ്യും. പണമിടപാട് ഓണ്‍ലൈന്‍ ആയി മാത്രമാണ് നടത്തുന്നത്. ശേഷം ഏജന്റ് ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്കായി എത്തിച്ചുകൊടുക്കും. 

ഇത്തരത്തില്‍ എഡിഎംഎ ശേഖരിച്ചു വൈലത്തൂര്‍ കരിങ്കപ്പാറ റോഡില്‍ ഇതിലെ പ്രധാന കണ്ണികളായ ശബീബും കൂട്ടാളികളും കാറില്‍ വന്ന് മറ്റൊരു ഏജന്റായ മുബാരിസിന് കൈമാറുന്ന സമയത്ത് അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും കഞ്ചാവും എ ഡിഎംഎയും പിടിച്ചെടുത്തു. പ്രതികള്‍ ഉപയോഗിച്ച കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തു. സംഘത്തിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഡിവൈ എസ്പി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!