Job Fraud : മാസശമ്പളം 35000, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതികളെ മുംബൈയിലെത്തി പൊക്കി

By Web TeamFirst Published Jan 15, 2022, 10:30 AM IST
Highlights

'മേക്ക് മൈ ട്രിപ്പ്' എന്ന കമ്പനിയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. മാസം 35000 രൂപ ശമ്പളം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

കല്‍പ്പറ്റ: ഓണ്‍ലൈനിലൂടെയുള്ള പണാപഹരണം നിത്യസംഭവമായി മാറിക്കഴിഞ്ഞു. തട്ടിപ്പ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷങ്ങളാണ് ഇത്തരം സംഘങ്ങള്‍ കവര്‍ന്നെടുക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയില്‍ പോയി പൊക്കിയിരുക്കുകയാണ് വയനാട് സൈബര്‍ പോലീസ്. അസം ബാര്‍പ്പെട്ട ജില്ലയിലെ ഗുനിയല്‍ഗുരു സ്വദേശി ഹബീബുല്‍ ഇസ്ലാം (25), ബോങ്കൈഗാവോണ്‍ പര്‍ഭജോപ്പ സ്വദേശി അബ്ദുള്‍ ബാഷര്‍ (24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. സുല്‍ത്താന്‍ബത്തേരി സ്വദേശിനിക്ക് ഓണ്‍ലൈന്‍ വഴി ഡാറ്റാ എന്‍ട്രി ജോലി നല്‍കി മാസം 35000 രൂപ ശമ്പളം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 'മേക്ക് മൈ ട്രിപ്പ്' എന്ന കമ്പനിയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പ്രതികള്‍ ഉദ്യോഗാര്‍ത്ഥിനിയെ കൊണ്ട് ഡാറ്റാ എന്‍ട്രി ജോലി ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ശമ്പളം ലഭിക്കുന്നതിനായി രജിസ്ട്രേഷന്‍ ചാര്‍ജ്, വിവിധ നികുതികള്‍, പ്രോസസ്സിംഗ് ഫീ എന്നിവ അടക്കാന്‍ ആവശ്യപ്പെട്ട് തന്ത്രപൂര്‍വ്വം 13.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

പ്രതികളുടെ പക്കല്‍ നിന്നും തട്ടിപ്പിലൂടെ സമ്പാദിച്ച 5.35 ലക്ഷം രൂപ, 13 മൊബൈല്‍ ഫോണുകള്‍, നിരവധി വ്യാജ സിം കാര്‍ഡുകള്‍, മൂന്ന് ലാപ്ടോപ്പ്, ഡെബിറ്റ്, ക്രെഡിറ്റ്കാര്‍ഡുകള്‍, പത്ത് ലക്ഷത്തോളം രൂപയുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ചെക്കുബുക്ക് എന്നിവയും പിടിച്ചെടുത്തു. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാര്‍ അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ നിര്‍ദേശ പ്രകാരം വയനാട് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ് ആണ് അന്വേഷണത്തിന്  നേതൃത്വം നല്‍കിയത്. എസ്.സി.പി.ഒ കെ.എ സലാം, സി.പി.ഒമാരായ പി.എ. ഷുക്കൂര്‍, എം.എസ്. റിയാസ്, ജബലു റഹ്മാന്‍, സി. വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

click me!