'ഇത്തവണത്തെ തണുപ്പ് കടുപ്പം' ഊട്ടിയിൽ തണുപ്പിന് നേരിയ ശമനം, കൊടും തണുപ്പിൽ സഞ്ചാരികളുടെ വരവും കുറവ്

By Web TeamFirst Published Jan 15, 2023, 11:01 PM IST
Highlights

മൂന്ന് ദിവസം മുമ്പ് വരെ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക് എത്തിയ ഊട്ടിയില്‍ തണുപ്പിന് നേരിയ ശമനമായി. കുന്താ താലൂക്കിലെ അവലാഞ്ചിയില്‍ പൂജ്യം ഡിഗ്രിയും ശാന്തിനെല്ലയില്‍ ഒന്ന് തലൈക്കുന്തയില്‍ രണ്ട്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ട് എന്നിങ്ങനെയാണ് ഞായറാഴ്ച രാത്രിയിലെ താപനില

സുല്‍ത്താന്‍ബത്തേരി: മൂന്ന് ദിവസം മുമ്പ് വരെ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക് എത്തിയ ഊട്ടിയില്‍ തണുപ്പിന് നേരിയ ശമനമായി. കുന്താ താലൂക്കിലെ അവലാഞ്ചിയില്‍ പൂജ്യം ഡിഗ്രിയും ശാന്തിനെല്ലയില്‍ ഒന്ന് തലൈക്കുന്തയില്‍ രണ്ട്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ട് എന്നിങ്ങനെയാണ് ഞായറാഴ്ച രാത്രിയിലെ താപനില. കഴിഞ്ഞ ദിവസങ്ങളില്‍ അപ്പര്‍ഭവാനി മേഖലയില്‍ അതിശൈത്യം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇവിടെയും തണുപ്പിന് കുറവുണ്ടായിട്ടുണ്ട്. 

ഏതാനും ദിവസം മുമ്പ് വരെ രാത്രിയും രാവിലെയും മഞ്ഞുപൊഴിഞ്ഞ് കിടക്കുന്ന മൈതാനങ്ങളുടെയും റോഡിന്റെയും കാഴ്ച ഇവിടെയെത്തിയ സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നതായി. രാവിലെയും വൈകുന്നേരങ്ങളിലുമാണ് മഞ്ഞുവീഴ്ച രൂക്ഷമാകുന്നത്. സന്ധ്യയോടെ തുടങ്ങുന്ന തണുപ്പ് രാവിലെ ഒമ്പതുവരെ തുടരും. അതിശൈത്യം അനുഭവപ്പെട്ട ദിവസങ്ങളില്‍ ഇവിടുത്തെ ജനജീവിതം ദുസ്സഹമായിരരുന്നുവെങ്കിലും തണുപ്പ് കുറഞ്ഞത് ആളുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്. 

കഴിഞ്ഞ ദിവസങ്ങളില്‍ വാഹനങ്ങളുടെയും വീടുകളുടെയും മുകളില്‍ മഞ്ഞ് വീണ് കിടക്കുന്നത് സഞ്ചാരികളായി എത്തിയ പലര്‍ക്കും കൗതുകമുള്ള കാഴ്ചയായി മാറി. എന്നാല്‍ യന്ത്രഭാഗങ്ങളെ പോലും തണുപ്പ് പൊതിഞ്ഞതോടെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രയാസം നേരിടുന്നുണ്ടായിരുന്നു. തണുപ്പിന് നേരിയ ശമനമായെങ്കിലും രാവിലെയും രാത്രിയിലും ഊട്ടി നിവാസികള്‍ തീകായുന്ന കാഴ്ച അവസനാച്ചിട്ടില്ല. കഴിഞ്ഞ രണ്ടുമുന്ന് ദിവസങ്ങളിലായി കടുത്ത തണുപ്പ് അനുഭവപ്പെട്ട ഗൂഢല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലും ശൈത്യത്തിന് കുറവുണ്ടായിട്ടുണ്ട്. 

അതേ സമയം രൂക്ഷമായ തണുപ്പില്‍ വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി ഇവിടുത്തെ കച്ചവടക്കാര്‍ സൂചിപ്പിച്ചു. കാലാവസ്ഥ ആസ്വാദിക്കാന്‍ തന്നെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ എത്തുന്നതെങ്കിലും ഊട്ടിനിവാസികളായവര്‍ക്ക് പോലും സഹിക്കാന്‍ കഴിയാത്ത തണുപ്പ് സഞ്ചാരികള്‍ എങ്ങനെ ആസ്വാദിക്കുമെന്ന് നാട്ടുകാര്‍ ചോദിച്ചു. 

Read more: മൂന്നാം ദിവസവും മൂന്നാറില്‍ മഞ്ഞ് വീഴ്ച; സഞ്ചാരികളുടെ ഒഴുക്ക്

പതിവായി ഡിസംബറില്‍ കടുത്ത ശൈത്യം ഊട്ടിയില്‍ അനുഭവപ്പെടാറുണ്ടിയിരുന്നു. എന്നാല്‍ ഇത്തവണ ജനവരി പകുതി പിന്നിട്ടിട്ടും അതിശൈത്യം തുടരുകയാണ്. സെപ്തംബറിലും തുടര്‍ന്നുള്ള മാസങ്ങളിലും ഊട്ടിയിലും പരിസരപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ തണുപ്പിനും കുറവുണ്ടായിരുന്നു.
 

tags
click me!