വർക്ക്ഷോപ്പിന്റെ മറവിൽ അനധികൃത പെട്രോൾ പമ്പുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ർ ഇന്ധനം പിടികൂടി, ഉടമ അറസ്റ്റിൽ

Published : Aug 25, 2024, 12:33 PM IST
വർക്ക്ഷോപ്പിന്റെ മറവിൽ അനധികൃത പെട്രോൾ പമ്പുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ർ ഇന്ധനം പിടികൂടി, ഉടമ അറസ്റ്റിൽ

Synopsis

വർക്ക്‌ ഷോപ്പിന്റെ മറവിൽ കരിഞ്ചന്തയിൽ വില്പന നടത്തുന്നതിന് വേണ്ടിയാണ് പെട്രോൾ സംഭരിച്ച് വെച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വർക്ക്‌ ഷോപ്പ് ഉടമയായ മുഹമ്മദ്‌ ഷാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട്: ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിലും വ്യാപക പരിശോധന. പട്ടാമ്പിയിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പെട്രോൾ  ശേഖരവും കഞ്ചാവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരം പ്രകാരം പട്ടാമ്പി എസ്. ഐ മണികണ്ഠന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 150 ലിറ്ററോളം അനധികൃത പെട്രോൾ ശേഖരം കണ്ടെത്തിയത്.

വർക്ക്‌ ഷോപ്പിന്റെ മറവിൽ കരിഞ്ചന്തയിൽ വില്പന നടത്തുന്നതിന് വേണ്ടിയാണ് പെട്രോൾ സംഭരിച്ച് വെച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വർക്ക്‌ ഷോപ്പ് ഉടമയായ മുഹമ്മദ്‌ ഷാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തു. സമാന്തര പെട്രോൾ പമ്പ് പോലെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ഇയാൾക്ക് പെട്രോൾ നൽകുന്ന പമ്പുകൾക്കെതിരെ വരും ദിവസങ്ങൾ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്‍പി ആർ മനോജ്‌ കുമാർ, പട്ടാമ്പി പോലീസ്  ഇൻസ്‌പെക്ടർ പി. കെ പത്മരാജൻ, എസ്.ഐ മണികണ്ഠൻ. കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. 

പൊലീസ് സംഘം വെള്ളിയാഴ്ച രാത്രി പട്ടാമ്പി നമ്പ്രം റോഡിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിരുന്നു. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും കണ്ടെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും  പോലീസ് പരിശോധിച്ചു വരുന്നുന്നുണ്ട്. പട്ടാമ്പി മേഖലയിൽ വില്പനക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന കഞ്ചാവ് ഉപേക്ഷിച്ച് കടന്നുക‌ള‌ഞ്ഞതാണെന്നാണ് അനുമാനം. ഇത് കൊണ്ടുവന്നവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്