പുത്തൻ കുരിശ് പള്ളി ഇനി ഓർത്തഡോക്സിന്, യാക്കോബായക്കാർ താക്കോൽ നൽകി

By Web TeamFirst Published Oct 16, 2019, 8:45 AM IST
Highlights

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഇടവകപ്പള്ളിയാണിത്. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നതുകൊണ്ടാണ് പള്ളിയുടെ താക്കോൽ കൈമാറിയതെന്ന് ഫാദർ ജോർജ് പറക്കാട്ടിൽ പറഞ്ഞു.

കൊച്ചി: കൊച്ചിയിലെ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പ്രാർത്ഥിച്ച് ഓർത്തഡോക്സ് വിഭാഗം. രാവിലെ ഏഴ് മണിയോടെ പള്ളിയിൽ പ്രവേശിക്കാനായി എത്തിയ ഓർത്തഡോക്സ് വിശ്വാസികളെയും വികാരിമാരെയും യാക്കോബായ വിഭാഗക്കാർ തടഞ്ഞു. എന്നാൽ പിന്നീട് പൊലീസെത്തിയപ്പോൾ, ഓർത്തഡോക്സുകാരെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറായി. പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് യാക്കോബായക്കാർ കൈമാറുകയും ചെയ്തു.

യാക്കോബായ സഭാധ്യക്ഷനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഇടവകപ്പള്ളിയാണ് പുത്തൻകുരിശ് പള്ളി. ഓർത്തഡോക്സ് വിഭാഗക്കാർ എത്തിയപ്പോൾ യാക്കോബായക്കാർ പള്ളിക്ക് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എന്നാൽ സുപ്രീംകോടതി വിധിയെ മാനിക്കുന്നതിനാൽ പള്ളിയുടെ താക്കോൽ കൈമാറുകയാണെന്ന് യാക്കോബായ വിഭാഗക്കാർ പറഞ്ഞു.

''കഴിഞ്ഞ എട്ട് വർഷമായി യാക്കോബായ വിഭാഗത്തിന്‍റെ പൂർണ നിയന്ത്രണത്തിലിരുന്ന പള്ളിയാണ് ഒരു സുപ്രഭാതത്തിൽ മറുവിഭായം കയ്യേറിയിരിക്കുന്നത്. കോടതിവിധിയുടെ ബലത്തിലും മറവിലുമാണിത് ചെയ്തിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് ഈ ഇടവകയ്ക്ക് ഉണ്ട്. എന്നാൽ സുപ്രീംകോടതി വിധിയെ ബഹുമാനിക്കുക എന്നതുകൊണ്ട് മാത്രമാണ് ഇത്തരത്തിലൊരു മൃദുസമീപനം സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായത്'', യാക്കോബായ പള്ളി വികാരി ഫാദർ ജോർജ് പറക്കാട്ടിൽ പറഞ്ഞു. 

തുടർന്ന് ഓർത്തഡോക്സ് പള്ളി വികാരം ഫാദർ തോമസ് ചകിരിയലിന്‍റെ നേതൃത്വത്തിൽ പള്ളിയിൽ വിശ്വാസികൾ കുർബാനയും നടത്തി. 

click me!