ഔസേപ്പിന്റെ ഉപജീവനം മുട്ടിച്ച് വീണ്ടും'പടയപ്പ'യുടെ അഴിഞ്ഞാട്ടം

By Web TeamFirst Published Mar 27, 2021, 4:58 PM IST
Highlights

ഔസേപ്പിൻ്റെ ഉപജീവിനം വഴിമുട്ടിച്ച് ഒറ്റയാൻ. നാലാം തവണയാണ് പഴവർഗ്ഗ കച്ചവടം നടത്തുന്ന ഇദ്ദേഹത്തിൻ്റെ പെട്ടിക്കട പടയപ്പയെന്ന ഒറ്റയാൻ തകർക്കുന്നത്. 

മൂന്നാർ: ഔസേപ്പിൻ്റെ ഉപജീവിനം വഴിമുട്ടിച്ച് ഒറ്റയാൻ. നാലാം തവണയാണ് പഴവർഗ്ഗ കച്ചവടം നടത്തുന്ന ഇദ്ദേഹത്തിൻ്റെ പെട്ടിക്കട പടയപ്പയെന്ന ഒറ്റയാൻ തകർക്കുന്നത്. ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്. ജീവിതം കരകയറ്റാൻ രാപകലില്ലാതെ മൂന്നാർ ടൗണിൽ കച്ചവടം നടത്തുന്ന എംഎ ഔസേപ്പിന് കഷ്ടകാലം ആരംഭിച്ചിട്ട് വർഷം ഒന്നും കഴിഞ്ഞു. 

ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിയായ കാലത്തുപോലും തിരിച്ചുവരവിൻ്റെ പ്രതീക്ഷകളായിരുന്നു ഔസേപ്പിന്റെ മനസിൽ. എന്നാൽ നാടും നഗരവും തിരിച്ചുവരവിൻ്റെ പക്കലെത്തി നിൽക്കുബോൾ ആശകളും പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുകയാണ് പെട്ടിക്കടക്കാരന്. 

കാടണയേണ്ട കാട്ടാനകൾ നാട്ടിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ലോക്ക് ഡൗൺ കാലത്താണ് ആദ്യമായി പടയപ്പയെന്ന ഒറ്റയാൻ മൂന്നാർ ജനറൽ ആശുപത്രി റോഡിലെ ഔസേപ്പിൻ്റെ പഴവർഗ കടയിലെത്തിയത്. പാതിരാത്രിയോടെ എത്തിയ ആന കട പൂർണ്ണമായി തകർക്കുകയും വില്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങൾ ഭക്ഷിക്കുകയും ചെയ്തു. 

ജനത്തിരക്ക് കുറവായതിനാലാണ് ആന ടൗണിലെത്തിയതെന്ന വാദവുമായി വനപാലകർ എത്തിയതോടെ കച്ചവടക്കാർ പ്രതികരിക്കാൻ തയ്യറായില്ല. എന്നാൽ തുടർന്നുള്ള  ദിവസങ്ങളിൽ ഒന്നിലധികം ആനകൾ ഔസേപ്പിൻ്റെയും മൂന്നാർ മാർക്കറ്റിലെ ചില കടകളും തകർത്തതോടെ കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. 

റോഡ് ഉപരോധ മടക്കമുള്ള പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് കാട്ടാനയെ പടക്കം ഉപയോഗിച്ച് വിരട്ടിയോടിച്ചു. ഒരാഴ്ചയോളം ടൗണിൻ്റെ  സമീപപ്രദേശങ്ങളിൽ നിലയുറപ്പിച്ച പടയപ്പ മാസത്തിലൊരിക്കൽ ടൗണിലെത്തി പെട്ടിക്കടകൾ തകർക്കുകയാണ്. നാലമത്തെ പ്രാവശ്യമാണ് ഔപേപ്പിൻ്റെ കടയും പതിനായിരങ്ങൾ വിലമതിക്കുന്ന പഴവർഗങ്ങളും കാട്ടാന നശിപ്പിക്കുന്നത്. 

നിലവിൽ കച്ചവടം നടത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. രാത്രി പന്ത്രണ്ട് മണിയോടെയെത്തിയ ആനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഉറക്കത്തിനിടെ കട തകർക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലേക്ക് മാറിയതിനാൽ ജീവൻ തിരിച്ചുകിട്ടി. വനവും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ അതോടൊപ്പം ജനങ്ങളുടെ സുരക്ഷയുറപ്പുവരുത്താൻ അധികൃതർ തയ്യറാകണമെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതീകാത്മക ചിത്രം

click me!