ഗ്ലൂക്കോസ് ട്യൂബുകൊണ്ട് കഴുത്ത് കെട്ടി; മൃഗാശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ട് വളർത്തുനായ ചത്തെന്ന് ഉടമ

By Web TeamFirst Published Jul 29, 2019, 4:58 PM IST
Highlights

ഉച്ചയോടെ പിഎംജിയിലെ മൃഗാശുപത്രിയിൽ ചെവി വൃത്തിയാക്കാൻ എത്തിച്ച പോബി എന്ന നായയെ ഈ സമയം കടിക്കാതിരിക്കാൻ ധരിപ്പിക്കുന്ന മാസ്കിന് പകരം ഗ്ലൂക്കോസ് കൊടുക്കുന്ന ട്യൂബ് ഉപയോഗിച്ച് വായും കഴുത്തും ആശുപത്രി അധികൃതർ കെട്ടിച്ചതാണ് മരണകാരണമെന്നാണ് ആരോപണം

തിരുവനന്തപുരം: സർക്കാർ മൃഗാശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ചെവി വൃത്തിയാക്കാൻ കൊണ്ട് പോയ വളർത്തു നായക്ക് ദാരുണാന്ത്യം.  ഇക്കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം പിഎംജിയിലെ സർക്കാർ മൃഗാശുപത്രിയിലാണ് സംഭവം. ഉച്ചയോടെ പിഎംജിയിലെ മൃഗാശുപത്രിയിൽ ചെവി വൃത്തിയാക്കാൻ എത്തിച്ച പോബി എന്ന നായയെ ഈ സമയം കടിക്കാതിരിക്കാൻ ധരിപ്പിക്കുന്ന മാസ്കിന് പകരം ഗ്ലൂക്കോസ് കൊടുക്കുന്ന ട്യൂബ് ഉപയോഗിച്ച് വായും കഴുത്തും ആശുപത്രി അധികൃതർ കെട്ടിച്ചതാണ് മരണകാരണമെന്നാണ് ആരോപണം.

കുറച്ചുകഴുഞ്ഞ് നായ ശ്വാസം കിട്ടാതെ ചാവുകയായിരുന്നുവെന്ന് നായയുടെ ഉടമയായ തിരുവനന്തപുരം സ്വദേശി കെ സി അശോക് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.  വളരെ അധികം വിഷമത്തോടെ ആണ് ഈ പോസ്റ്റ്‌ ഞാൻ ഇടുന്നത് എന്ന് കുറിച്ച അദ്ദേഹം മൃഗസ്നേഹി ആയ ഒരാൾക്ക് തന്റെ വേദന മനസിലാകുമെന്നും പറയുന്നു.

ശ്വാസം കിട്ടാതെയാണ് നായ മരിച്ചതെന്നുള്ളതിന് തെളിവാണ് ചിത്രത്തിൽ കാണുന്നത് പോലെ നാവ് പുറത്ത് വന്നിരിക്കുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ അബദ്ധത്തിൽ പറ്റിയതാണെന്ന് ആശുപത്രി അധികൃതർ വാക്കാൽ  പറയുകയുണ്ടായതായി. ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടത് കൊണ്ട് തങ്ങൾക്ക്  നഷ്ടമായത്  തിരികെ കിട്ടില്ല. നാളെ നിങ്ങളുടെ വളർത്തു മൃഗങ്ങൾക്ക് ഈ അവസ്ഥ വരരുത്. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്നും അശോക് കുറിച്ചു. 

click me!