
കോഴിക്കോട്: മെഡിക്കൽ കോളേജ് പതിനഞ്ചാം വാർഡിലെ ഓക്ലിജൻ സിലിണ്ടറിൽ ഘടിപ്പിക്കുന്ന ഗ്ലൂ മീറ്റർ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ രോഗികളുടെ ബന്ധുക്കളും സുരക്ഷാ ജീവനക്കാരും കൈയ്യോടെ പിടികൂടി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി സുനിൽ കുമാർ (52) ആണ് മോഷണശ്രമത്തിനിടെ പിടിയിലായത്.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട ആളെ രോഗികളുടെ ബന്ധുക്കൾ ശ്രദ്ധിച്ചതോടെയാണ് മോഷണം കൈയ്യോടെ പിടികൂടാൻ കഴിഞ്ഞതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
ഓക്സിജൻ സിലിണ്ടറിൽ ഓക്സിജന്‍റെ അളവ് മനസിലാക്കാൻ ഉപയോഗിക്കുന്ന പിച്ചളയിൽ നിർമ്മിച്ച് സ്റ്റെയിൻലസ്സ് സ്റ്റീൽ ആവരണത്തോട് കൂടിയ ഗ്ലൂ മീറ്ററിന് രണ്ടായിരത്തിലധികം രൂപ വില വരുമെന്ന് പറയപ്പെടുന്നു. മെഡിക്കൽ കോളേജ് സർജന്റ് അയ്യപ്പ കുമാറിന്‍റെ പരാതിയിൽ പൊലീസ് കേസ് എടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam