
കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയെന്ന 23 കാരിയുടെ മരണം നാടിനെ നടുക്കിയ സംഭവമായി. അതേസമയം വള്ളിക്കാവിലെ ബന്ധുക്കൾക്ക് ഇത് താങ്ങാനാവാത്ത നോവായി മാറുന്നു. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി, വസ്ത്രം മാറാനായി പോയപ്പോഴായിരുന്നു കൊലപാതകം നടന്നത്.
അക്രമിയെത്തുമ്പോൾ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാൽ തന്നെയാകണം വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോൾ സംഭവം ആരും അറിഞ്ഞതുമില്ല. അതേസമയം വസ്ത്രം മാറാൻ വീട്ടിൽ പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് ആദ്യ മരണം നടന്ന കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തിരഞ്ഞിറങ്ങിയത്.
ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം പ്രണയപ്പകയാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. അതേസമയം കൊലപാതകിയെ കുറിച്ച് വിവരം ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചിട്ടുണ്ട്.
മുഖംമൂടി ധരിച്ച ഒരാളെ കണ്ടതായി സമീപവാസി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam