
തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് ആൽത്തറ ക്ഷേത്രത്തിന് സമീപത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലിനെയാണ് (23) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ സുജിത്തിന്(25) കുത്തേൽക്കുന്നത്. ഇയാളുടെ മുൻ സുഹൃത്തുക്കളാണ് കുത്തിയത്. സുജിത്തിനെ ഭക്ഷണം കഴിക്കാനെന്ന പേരിൽ നിർബന്ധിച്ച് സ്ഥലത്തെത്തിച്ചത് കൂട്ടുകാരിയായ സ്നേഹയാണെന്നാണ് പൊലീസ് പറയുന്നത്.
സുജിത്തിനെ കുത്തിയത് ലഹരി കേസുകളിൽ പ്രതിയായ ഷിയാസും കൂട്ടുകാരുമാണെന്നും, പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. . ലഹരി സംഘത്തിനുള്ളിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. മാനവീയം വീഥിയിൽ വച്ച് കുത്തു കൊണ്ട സുജിത്ത് ഇവിടുത്തെ സ്ഥിരം സന്ദർശകനാണ്. വട്ടപ്പാറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലും വെമ്പായത്ത് വച്ചും കഞ്ചാവ് കച്ചവടത്തെ ചൊല്ലി സുജിത്തും മറ്റു നിരവധി കേസുകളിൽ പ്രതിയായ ഷിയാസും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്കു മുമ്പും രണ്ടു പേരും തമ്മിൽ തർക്കമുണ്ടായിരുന്നു.
സംഭവ ദിവസം പ്രതികളുടെ നിര്‍ദ്ദേശ പ്രകാരം സുജിത്തിനെ മാനവീയം വീഥിയിലേക്ക് സ്നേഹയാണ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഷിജിത്തിന്റേയും പ്രതികളുടേയും സുഹൃത്തായിരുന്നു സ്‌നേഹ. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് യുവതി സുജിത്തിനെ ആൽത്തറ ക്ഷേത്രത്തിനടുത്ത് എത്തിച്ചത്. ഇവിടെ വെച്ച് സുജിത്തും ഷിയാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഷിയാസ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിജിത്തിനെ കുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഏറത്തെ വീട്ടില്‍ നിന്നാണ് സ്‌നേഹയെ അറസ്റ്റ് ചെയ്തത്. യുവതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഹരിമാഫിയയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സുജിത്തിന് കുത്തേറ്റ് നെഞ്ചിൽ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. സുജിത്തിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. സുജിത്തിന്‍റെ മരണ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Read More : ആദ്യം ഓട്ടോ പിടികൂടി, പിന്നാലെ വീട്ടിലും പരിശോധന; വിഴിഞ്ഞത്ത് യുവാക്കളിൽ നിന്നും കിട്ടിയത് 8.8 കിലോ കഞ്ചാവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam