
പട്ടാമ്പി: രാഷ്ട്രീയ ഗോദയിലെ ചൂടൻ ചർച്ചകൾക്കിടയിൽ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് പട്ടാമ്പിയിൽ നിന്നുള്ള ഒരു കൗതുക കാഴ്ച. മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ വീട്ടിലെ മാങ്ങ 'അടിച്ചുമാറ്റാൻ' എത്തിയ കുട്ടികളും അവർക്ക് മുന്നിൽ അപ്രതീക്ഷിതമായി വന്നിറങ്ങിയ എംഎൽഎയും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
എംഎൽഎയുടെ വീട്ടിലെ മാഞ്ചുവട്ടിലെത്തിയ കുട്ടികൾ വെറുതെ മാങ്ങ പറിക്കുകയല്ല ചെയ്തത്. മൊബൈൽ ക്യാമറ നോക്കി "എംഎൽഎ, ഒരു മാങ്ങ പൊട്ടിക്കുന്നുണ്ട് ട്ടാ..." എന്ന് മുൻകൂർ ജാമ്യം എടുത്തുകൊണ്ടായിരുന്നു ഓപ്പറേഷൻ. മാങ്ങ പറിക്കണ്ട എന്ന് ഒരു കുട്ടി വിലക്കുമ്പോൾ, മറ്റൊരാളുടെ മറുപടി ഇതായിരുന്നു: "അതിനെന്താ, നമ്മള് വോട്ട് കൊടുക്കുന്നില്ലേ?" ജനാധിപത്യപരമായ ഈ 'അവകാശവാദത്തിന്' മുന്നിൽ തടസ്സങ്ങൾ നീങ്ങി, രണ്ട് മാങ്ങകൾ കുട്ടികൾ പറിച്ചെടുത്തു.
മാങ്ങയും കൊണ്ട് രണ്ടടി മുന്നോട്ട് നടന്നപ്പോഴാണ് ട്വിസ്റ്റ്! സാക്ഷാൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ വാഹനം അങ്ങോട്ടേക്ക് വരുന്നു. കയ്യോടെ പിടിക്കപ്പെട്ടെങ്കിലും കുട്ടികൾ പതറിയില്ല. എംഎൽഎ ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചപ്പോൾ തിരിച്ച് നന്ദിയും പറഞ്ഞ് മാങ്ങയുമായി അവർ സ്ഥലം വിട്ടു.
എംഎൽഎ ഫാൻസിന്റെ പേജിലാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ചത്. 'വീട്ടിലെ മാങ്ങാ മോഷ്ടാക്കളെ കയ്യോടെ പിടിച്ചു, കുട്ടികളുടെ രസകരമായ വീഡിയോ പങ്കുവെക്കുന്നു" എന്ന കുറിപ്പോടെയുള്ള പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. വോട്ട് ചെയ്തതിന്റെ അവകാശത്തിൽ മാങ്ങ പറിച്ച കുട്ടികളുടെ നിഷ്കളങ്കതയെയും അത് ആസ്വദിച്ച എംഎൽഎയെയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam