പഴശ്ശിപാര്‍ക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; സമയക്രമം അറിയാത്തതിനാല്‍ നിരാശരായി ആളുകള്‍

By Web TeamFirst Published Dec 31, 2019, 11:38 AM IST
Highlights

വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും പഴശ്ശിപാര്‍ക്കിലേക്ക് സഞ്ചാരികളെത്തുക. എന്നാല്‍ അപ്പോഴേക്കും സമയം തീര്‍ന്ന് പാര്‍ക്ക് അധികൃതര്‍ അടച്ചിട്ടുണ്ടാകും

കല്‍പ്പറ്റ: പഴശ്ശിരാജ വീരമൃത്യൂ വരിച്ച സ്ഥലമെന്ന പേരില്‍ ചരിത്രത്തിലിടം നേടിയ വണ്ടിക്കടവിലെ മാവിലാംതോട്ടിലെ പഴശ്ശിപാര്‍ക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. എന്നാല്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രമായിട്ട് പോലും ഇവിടുത്തെ സമയക്രമം സഞ്ചാരികളെ നിരാശരാക്കുകയാണ്. വൈകുന്നേരം അഞ്ചരക്ക് അടക്കുമെന്നതാണ് നിരാശക്ക് കാരണം. 

വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും പഴശ്ശിപാര്‍ക്കിലേക്ക് സഞ്ചാരികളെത്തുക. എന്നാല്‍ അപ്പോഴേക്കും സമയം തീര്‍ന്ന് പാര്‍ക്ക് അധികൃതര്‍ അടച്ചിട്ടുണ്ടാകും. കിലോമീറ്ററുകള്‍ താണ്ടി ഇവിടെ എത്തുന്നവര്‍ പിന്നീട് നിരാശയോടെ മടങ്ങുന്നത് പാര്‍ക്കിന് മുന്നിലെ പതിവ് കാഴ്ചയാണ്. പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകളില്‍ തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. 

ഇപ്പോള്‍ ദിവസേന കേരളത്തിന് പുറത്ത് നിന്നുവരെ ചരിത്രപ്രാധാന്യമുള്ള ഇവിടം സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്തുന്നു. എന്നാല്‍ വൈകീട്ട് 5.30-ഓടെ പ്രവേശനം അവസാനിക്കുന്നതാണ് സഞ്ചാരികളെ  ബുദ്ധിമുട്ടിലാക്കുന്നത്. സീസണായതോടെ നിരവധി സഞ്ചാരികള്‍ ദിവസേന ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും മിക്കവരും 5.30-ന് ശേഷമായിരിക്കും മാവിലാംതോട്ടിലെത്തുക. യാത്രാ സൗകര്യാര്‍ഥം ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സഞ്ചാരികളില്‍ കൂടുതലും വൈകുന്നേരം മാവിലാംതോട്ടിലേക്ക് തിരിക്കുന്നത്. 

എന്നാല്‍ ഇവിടെയെത്തുമ്പോഴാണ് 5.30 വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നത് സഞ്ചാരികള്‍ അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നൂറ് കണക്കിന് സഞ്ചാരികളാണ് പാര്‍ക്കില്‍ പ്രവേശിക്കാനാകാതെ മടങ്ങിയത്. പ്രവേശന സമയത്തിലും പാര്‍ക്ക് അടക്കുന്ന സമയത്തിലും പുനഃക്രമീകരണം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. എട്ടുമണിവരെയെങ്കിലും പാര്‍ക്ക് പ്രവര്‍ത്തിക്കണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്. 

മതിയായ വെളിച്ച സംവിധാനങ്ങള്‍ പാര്‍ക്കില്‍ ഇല്ലാത്തത് സന്ധ്യയായാല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനെ ബാധിക്കുന്നുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുക്കേണ്ടതുമുണ്ട്. നിര്‍മാണ പ്രവൃത്തികളിലെ മെല്ലെപ്പോക്ക് ഈ വിനോദ സഞ്ചാരകേന്ദ്രത്തെ പിന്നോട്ടടിക്കുകയാണ്. ജില്ലയില്‍ മറ്റിടങ്ങളിലുള്ള വിനോദസഞ്ചാര ഭൂപടങ്ങളില്‍ പഴശ്ശി പാര്‍ക്ക് ഇതുവരെ അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. 

സഞ്ചാരികള്‍ക്കായുള്ള ഭക്ഷണശാലയുടെയും ശൗചാലയങ്ങളുടെയും നിര്‍മാണം ഇതുവരെയായും പൂര്‍ത്തിയായിട്ടില്ല. പഴശ്ശിരാജ മരിച്ചുവീണ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സ്മൃതിമണ്ഡപത്തില്‍ അണയാവിളക്ക് സ്ഥാപിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയായും ഇതിനായുള്ള പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചിലാണ് പാര്‍ക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
 

click me!