
തൃശൂർ: പീച്ചി ഡാം ജലസംഭരണി കാണാൻ പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ച സംഭവം നാടിനെയാകെ കണ്ണീരിലാഴ്ത്തി. റിസർവോയറിന്‍റെ കൈവഴിയിൽ വെള്ളത്തിൽ മുങ്ങി അലീന എന്ന 16കാരിയാണ് മരിച്ചത്. ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30നാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു എത്തിയതായിരുന്നു കൂട്ടുകാർ. ഡാമിലെ ജലസംഭരണി കാണാൻ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെയായതിനാൽ ഈ ഭാഗത്ത് ആഴം കൂടുതലാണ്.
വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. പത്തോളം പേർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി. നാലു പേരെയും പത്തു മിനിറ്റിന്റെ ഇടവേളയിൽ കരയ്ക്കെത്തിച്ചു. ഒരു കിലോമീറ്ററകലെ ആംബുലൻസ് ഡ്രൈവർ റിജോ പൗലോസിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർ ഒത്തുകൂടിയിരുന്നു. അവരും പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ 12.30ന് അലീന മരിക്കുകയായിരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകളാണ് അലീന. പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ ബിനോജ് – ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവരാണ‍് അപകടത്തിൽപെട്ട കുട്ടികൾ. ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസിലും മറ്റു മൂന്നു പേരും പ്ലസ് വണിനും പഠിക്കുന്നവരാണ്.
പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു; 3 പേർ ചികിത്സയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam