
എറണാകുളം: പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് 18 വയസുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സുഹൃത്തുക്കള്‍ ശബ്ദമുണ്ടാക്കി പേടിപ്പിച്ചപ്പോഴാണ് പാറമടയില്‍ വീണതെന്ന് തെളിഞ്ഞു. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ തങ്കളം സ്വദേശി നൗഫലാണ് വീടിന് സമീപമുള്ള പെട്ടമലയിലെ പാറമടയില്‍ വീണ് മരിച്ചത്.
നൗഫലിന്‍റെ സുഹൃത്തുക്കളായ അയിരൂർ പാടം സ്വദേശികളായ ആഷിഖ്, നഹ്ബാൻ, നെല്ലിക്കുഴി സ്വദേശി ഷാഹുൽ എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. സുഹൃത്തുക്കൾ പെട്ടമലയിലെ പാറക്കെട്ടിന് മുകളിൽ ഉണ്ടെന്നറിഞ്ഞ നൗഫൽ ഇവിടേക്ക് എത്തുകയായിരുന്നു. ഈ സമയം പുല്ലു നിറഞ്ഞ ഭാഗത്ത് ഒളിച്ചിരുന്ന പ്രതികൾ ശബ്ദമുണ്ടാക്കി വച്ച് നൗഫലിനെ ഭയപ്പെടുത്തി.
ഭയന്ന നൗഫല്‍ കാൽ വഴുതി താഴേക്ക് വീണു. പട്ടിയെ കണ്ട് ഭയന്നാണ് നൗഫൽ അപകടത്തിൽപ്പെട്ടതെന്നായിരുന്നു സംഭവ ദിവസം സുഹൃത്തുക്കള്‍ പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിച്ചു. മൂന്ന് പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam