വീടിന് നേരെ പെട്രോള്‍ ബോംബാക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി ഇരുപതോളം അക്രമി സംഘം

By Web TeamFirst Published Feb 11, 2019, 9:06 PM IST
Highlights

വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായെത്തിയ ഇരുപതോളം അക്രമി സംഘമാണ് വീട് അക്രമിച്ചത്. വീട്ടിലേക്ക് പൊട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വാതിലുകളും ജനലുകളും തകര്‍ത്ത ശേഷം സ്‌കൂട്ടറും, കാറും തകര്‍ക്കുകയും വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.  
 

ചേര്‍ത്തല: വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായെത്തിയ ഇരുപതോളം അക്രമി സംഘമാണ് വീട് അക്രമിച്ചത്. വീട്ടിലേക്ക് പൊട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വാതിലുകളും ജനലുകളും തകര്‍ത്ത ശേഷം സ്‌കൂട്ടറും, കാറും തകര്‍ക്കുകയും വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.  

പള്ളിപ്പുറം പഞ്ചായത്ത് 5 -ാം വാര്‍ഡ് പടിഞ്ഞാറെ മംഗലത്ത് മുകുന്ദ കുമാറിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മുകുന്ദ കുമാറും ഭാര്യ ഉഷാറാണിയും വീട്ടിലുണ്ടായിരുന്നു. മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തിയ അക്രമി സംഘം വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കടക്കുകയും മുകുന്ദ കുമാറിനെയും ഉഷാറാണിയേയും അസഭ്യം പറയുകയും മാരകായുധങ്ങള്‍ വീശുകയും ചെയ്തു. 

ഉഷാറാണിയുടെ കഴുത്തില്‍ കത്തിവച്ച ശേഷം മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെട്രോള്‍ ബോംബെറിഞ്ഞ് ബൈക്കും ഇവരുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബന്ധുവിന്റെ കാറും തകര്‍ത്തു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ കൊണ്ടുവന്ന പെട്രോള്‍ ബോംബില്‍ രണ്ടെണ്ണവും ലൈറ്ററും ഒരു മൊബൈല്‍ ഫോണും സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. 

കുറച്ച് ദിവസങ്ങള്‍ക്ക്  മുമ്പ് കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ പ്രശ്‌നമുണ്ടാക്കിയ സംഘത്തെ ക്ഷേത്ര കമ്മിറ്റി അംഗമായ മുകുന്ദ കുമാറിന്റെ നേതൃത്വത്തില്‍ തിരിച്ചയച്ചിരുന്നു. ഇതേ തുടര്‍ന്നും തര്‍ക്കങ്ങള്‍ നിലനിന്നു. അതിന്റെ ഭാഗമാണ് ആക്രമണമെന്നാണ് പരാതിയില്‍ പറയുന്നത്. 

കണ്ടാലറിയാവുന്ന ചിലര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങി. പള്ളിപ്പുറം സ്വദേശികളും മുന്‍ കേസുകളിലെ പ്രതികളുമായവര്‍ അക്രമി സംഘത്തിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ ബോംബ് ഡോഗ് സ്‌ക്വാഡുകളും ശാസ്ത്രീയ വിരലടയാള പരിശോധന സംഘങ്ങളുമെത്തി വിവരങ്ങള്‍ ശേഖരിച്ചു.

click me!