
കോഴിക്കോട്: ജോലി സംബന്ധമായ ആശങ്കകളും വെല്ലുവിളികളും താങ്ങാൻ കഴിയാത്ത പി ജി വിദ്യാർത്ഥിനിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരിൽ നിന്ന് മാനസികമായ പിന്തുണ ലഭിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാനസിക വിഷമതകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മുതിർന്ന ഡോക്ടർമാർ സംരക്ഷണം നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗം മേധാവിക്കെതിരെ മൂന്നാം വർഷ പി ജി വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊവിഡ് കാരണമുണ്ടായ ഡ്യൂട്ടി ക്രമീകരണങ്ങളിൽ അസ്വസ്ഥതയുള്ളതുകൊണ്ടാകാം പരാതിക്കാരി ഇത്തരമൊരു പരാതി നൽകിയതെന്ന് ആരോപണ വിധേയനായ ഡോക്ടർ സ മർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. സർവകലാശാല നേരിട്ട് നടത്തുന്ന പരീക്ഷകളിൽ തനിക്ക് ഇടപെടാൻ കഴിയില്ല. പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത് പുറത്തുനിന്നുള്ള അധ്യാപകരാണ്. താൻ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിക്കുന്നു എന്ന ആരോപണം കളവാണ്. കൊവിഡ് വ്യാപന സമയത്ത് ആരെയെങ്കിലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ മെഡിക്കൽ ബോർഡിൻെറ അംഗീകാരം വേണമായിരുന്നു. പരാതിക്കാരിയെ ജോലിയിൽ നിന്നും ഒഴിവാക്കാൻ ബോർഡിൻെറ അംഗീകാരം ഉണ്ടായിരുന്നില്ല. പരാതിക്കാരിക്ക് ആസ്ത്മ യുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആസ്ത്മയില്ലെന്ന് കണ്ടെത്തി.
പരാതിക്കാരി പഠിക്കുന്നത് അനസ്തീഷ്യയ്ക്കാണെന്നും ഐസിയുവിൽ നിന്നുള്ള പരിചയം അനിവാര്യമാണെന്നും എതിർകക്ഷിയായ ഡോക്ടർ അറിയിച്ചു. പരാതിക്കാരി ഗർഭിണിയാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും മേധാവി അറിയിച്ചു. കൊവിഡ് കാരണം മെഡിക്കൽ സമൂഹം അനുഭവിച്ച ബുദ്ധിമുട്ടുകൾ പരാതിക്കാരിയുടെ മനോവ്യഥ വർദ്ധിപ്പിച്ചിരിക്കാമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേസിൽ ബോധപൂർവമായ മനുഷ്യാവകാശ ലംഘനം കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് തീർപ്പാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam