അന്തർ സംസ്ഥാന പോക്കറ്റടി സംഘം മുക്കത്ത് പിടിയിൽ

By Web TeamFirst Published Sep 21, 2018, 8:51 AM IST
Highlights

 പ്രതികളിലൊരാളായ ആഷിഖിന് മോഷണക്കേസുകളടക്കം നിരവധി കേസുകൾ നിലവിലുണ്ട്. മറ്റു മൂന്നു പേരും വർഷങ്ങളായി പോക്കറ്റടി നടത്തി വരുന്നവരുമാണ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് രാവിലേയും വൈകുന്നേരങ്ങളിലും തിരക്കുളള ബസ്സുകളിൽ കയറി പോക്കറ്റടി നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

കോഴിക്കോട്: സംസ്ഥാന വ്യാപകമായി പോക്കറ്റടി നടത്തി വന്ന നാലംഗ  സംഘം മുക്കത്ത് പിടിയില്‍. മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലായി നിരവധി പോക്കറ്റടി കേസുകളിൽ പ്രതികളാണ് സംഘമെന്ന് പൊലീസ് അറിയിച്ചു. കൊച്ചി സ്വദേശിയും മലപ്പുറം കരുവാരക്കുണ്ടിൽ സ്ഥിരതാമസക്കാരനുമായ 'വെളളയിൽ ഭായ്' എന്നറിയപ്പെടുന്ന ഹസ്സൻ (61), തിരുവമ്പാടി സ്വദേശി മരക്കാട്ടുചാലിൽ ആഷിഖ്(26), വയനാട് പുൽപ്പള്ളി സ്വദേശി വാക്കയിൽ ബിനോയ്(43), താമരശ്ശേരി അമ്പായത്തോട് സ്വദേശി ഷെമീർ (4O) എന്നിവരാണ് പിടിയിലായത്. 

താമരശ്ശേരി ഡി.വൈ.എസ്പിപി. ബിജുരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുക്കം എസ്.ഐ. അഭിലാഷും സംഘവും മുക്കം ടൗണിൽ വ്യാപകമായ തിരച്ചിൽ നടത്തിവരുന്നതിനിടെ അപരിചിതരായ ഒരു സംഘം മുക്കത്തെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കി  ലോഡ്ജിലെത്തിയപ്പോഴേക്കും ഇവർ പുറത്തേക്ക് പോയിരുന്നു. തുടർന്ന് പോലീസ് സംഘം മഫ്തിയിൽ ലോഡ്ജും പരിസരവും നിരീക്ഷിച്ചു വരുന്നതിനിടെ റൂമിൽ തിരിച്ചെത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. 

ഈ സമയം പ്രതികൾ മുക്കത്തു നിന്നും കോഴിക്കോട്ടേക്ക് പോയ ബസ്സിൽ വെച്ച് മലയമ്മ സ്വദേശിയായ ബസ് യാത്രക്കാരന്റെ ട്രൗസർ കീറി പണം അപഹരിച്ച് തിരിച്ചെത്തിയതായിരുന്നു. പ്രതികളിലൊരാളായ ആഷിഖിന് മോഷണക്കേസുകളടക്കം നിരവധി കേസുകൾ നിലവിലുണ്ട്. മറ്റു മൂന്നു പേരും വർഷങ്ങളായി പോക്കറ്റടി നടത്തി വരുന്നവരുമാണ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് രാവിലേയും വൈകുന്നേരങ്ങളിലും തിരക്കുളള ബസ്സുകളിൽ കയറി പോക്കറ്റടി നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

പലപ്പോഴും പണം നഷ്ട്ടപ്പെട്ട ആളുകൾ പരാതിപ്പെടാത്തതാണ് ഇവർ പിടിക്കപ്പെടാതിരുന്നതിന് കാരണം. താമരശേരി ഡി.വൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷിബിൽ ജോസഫ്, ഷെഫീഖ് നീലിയാനിക്കൽ, മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയമോദ്,  എസ്.സി.പി.ഒ  സലിം മുട്ടത്ത്, ശ്രീജേഷ്, ശ്രീകാന്ത്, ജിതിൻലാൽ, ഡബ്ള്യു.സി.പി.ഒ. രജനി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി കോടതിയിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

click me!