
തിരുവനന്തപരം: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന പാക്സ് (പിക്ചർ ആർക്കൈവിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം) പൂർത്തിയായി. രോഗിയുടെ എക്സ് റേ നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറുടെ കംപ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്.
ഈ പദ്ധതി പൂർത്തിയായതോടെ രോഗിക്കും ഡോക്ടർക്കും എക്സ്റെ എടുത്ത ശേഷം ഫിലിം കിട്ടുന്നതു വരെ കാത്തിരിക്കേണ്ട. ഡോക്ടർക്ക് വീണ്ടും എക്സ്റേ കാണണമെന്നുണ്ടെങ്കിൽ പുതിയ ഫിലിം എടുക്കേണ്ട ആവശ്യവും വരുന്നില്ല. പണ്ടത്തെപ്പോലെ എക്സ് റേ ഫിലിം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നതും പ്രധാന നേട്ടമാണ്.
ഡിജിറ്റൽ എക്സ്റെ റൂമിൽ രോഗിയുടെ എക്സ്റെ എടുത്തു കഴിഞ്ഞാൽ ഡോക്ടർക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം കംപ്യൂട്ടറിൽ കാണാനാകും. അത്യാഹിത വിഭാഗത്തിലും വിവിധ ഒപി വിഭാഗങ്ങളിലും ഈ സംവിധാനം വിജയകരമായി പൂർത്തിയാക്കി. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം കാലതാമസമില്ലാതെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനാകുന്ന ഈ പദ്ധതി ഏറെ പ്രയോജനകരമാണ്.
ഇ ഹെൽത്ത് പദ്ധതിയുടെ ഗുണഫലങ്ങൾ എത്രയും വേഗം രോഗികളിലെത്തിക്കാൻ ആരോഗ്യ വകുപ്പും മെഡിക്കൽ കോളേജ് അധികൃതരും നടത്തിവന്ന അശ്രാന്ത പരിശ്രമത്തിന്റെ വിജയം കൂടിയാണിത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam