പൈപ്പ് പൊട്ടൽ തുടർക്കഥ; ആലപ്പുഴ നഗരത്തിൽ കുടിവെള്ള വിതരണം നിലച്ചു

By Web TeamFirst Published Nov 2, 2019, 7:40 PM IST
Highlights
  • ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ വീണ്ടും പൊട്ടല്‍.
  • നഗരത്തില്‍ കുടിവെള്ള വിതരണം നിലച്ചു.

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ കുടിവെള്ള വിതരണം നിലച്ചു. നാല് ദിവസമായി കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന കാഴ്ചയാണ് എങ്ങും. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ വീണ്ടും പൊട്ടലുണ്ടായതാണ് കുടിവെള്ള ക്ഷാമത്തിന്റെ കാരണം. രണ്ടു ദിവസമായി ആർഒ പ്ലാന്റുകളിൽ നീണ്ട ക്യൂവാണുള്ളത്. കരുമാടി പ്ലാന്റിൽ നിന്ന്  ജലവിതരണം ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

തകഴി പാലത്തിന് കിഴക്ക് ഭാഗത്താണ് പൈപ്പ് വീണ്ടും പൊട്ടിയത്. പൊട്ടിയ പൈപ്പ് മാറ്റി അറ്റകുറ്റപണി നടത്തിയിട്ട് രണ്ട് ദിവസം മാത്രം ആയപ്പോഴാണ് ഈ ഭാഗത്ത് തന്നെ വീണ്ടും പൈപ്പ് പൊട്ടിയത്. ആലപ്പുഴ നഗരത്തിലും സമീപത്തുള്ള  എട്ട് പ‍‍ഞ്ചായത്തുകളിലുമാണ് ഇതുമൂലം കുടിവെള്ള പ്രശ്നം ഉണ്ടാകുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിൽ പൊട്ടലുണ്ടാകുന്നത് എപ്പോഴും തകഴി ഭാഗങ്ങളിലാണെന്ന് ആക്ഷേപമുണ്ട്. രണ്ടരവർഷത്തിനുള്ളിൽ നാൽപ്പതിലേറെ തവണ ഇവിടെ പൈപ്പ് പൊട്ടിയിട്ടുണ്ടെന്ന് അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കരാറുകാരൻ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതാണ് ഈ ദുരിതത്തിന് കാരണം. ഇതിന്റെ ഫലം അനുഭവിക്കുന്നത് രണ്ടരലക്ഷത്തോളം കുടുംബങ്ങളുമാണ്. ഒരു തകരാർ പരിഹരിക്കുന്നതിന് ആറുലക്ഷം വരെ ചിലവ് വരുന്നുണ്ട്. കൂടാതെ പൈപ്പിന്റെ അറ്റകുറ്റപ്പണിയ്ക്കായി റോഡ് പൊളിക്കുമ്പോൾ ഗതാഗത പ്രശ്നങ്ങൾ ഏറെയാണ്. കുടിവെള്ളം വൻതോതിൽ പാഴാവുകയും മാലിന്യം കലരുകയും ചെയ്തിട്ടും ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ല. കുടിവെളള പ്രതിസന്ധി നിത്യസംഭവമായിട്ടും മണ്ഡലം എംഎൽഎ നടപടി സ്വീകരിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. 

click me!