പമ്പിങ്ങ് ആരംഭിച്ചില്ല; കുട്ടനാട്ടിൽ രണ്ടാം കൃഷി വൈകുന്നു, വീടുകൾ വെള്ളക്കെട്ടിൽ

By Web TeamFirst Published Jun 23, 2019, 2:16 PM IST
Highlights


തൈയ്യൽകായലിൽ വെള്ളം പൂർണമായും കയറി കൃഷിയൊരുക്കങ്ങൾ നിലച്ചിരിക്കുകയാണ്. കന്നിട്ടയിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാടശേഖരത്തെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികൾ നടത്തി 10 ദിവസത്തിനകം പമ്പിങ് നടത്തണമെന്ന് നേരത്തെ കളക്ടർ നിർദേശം നൽകിയിരുന്നു. 

ആലപ്പുഴ: രണ്ടാം കൃഷിക്ക് ഒരുങ്ങേണ്ട സമയമായിട്ടും കുട്ടനാട്ടിൽ ഇനിയും പമ്പിങ്ങ് ആരംഭിച്ചിട്ടില്ല. കാലവർഷം ശക്തമാക്കുന്ന സാഹചര്യത്തിൽ വേമ്പനാട്ട്‌ കായലിനോട് ചേർന്നുകിടക്കുന്ന പാടശേഖരങ്ങളിൽ വെള്ളം കയറിത്തുടങ്ങി. പമ്പിങ് ആരംഭിക്കാത്ത പക്ഷം സമീപ പാടശേഖരങ്ങളിലും വെള്ളം നിറയും. ഇത് കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. 

തൈയ്യൽകായലിന് സമീപമുള്ള ചിറയിലെ 22 വീടുകളും രണ്ടാഴ്ചയായി വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പമ്പിങ് അടിയന്തരമായി നടത്തിയില്ലെങ്കിൽ പ്രദേശത്തുനിന്ന്‌ മാറിനിൽക്കേണ്ട സ്ഥിതിയിലാണ് കുടുംബങ്ങൾ. ആലപ്പുഴ, കൈനകരി കൃഷി ഭവൻ പരിധിയിലുള്ള തൈയ്യൽ കായൽ, കന്നിട്ട പാടശേഖരങ്ങളിലും സമീപത്തെ മറ്റ് മൂന്ന് പാടശേഖരങ്ങളിലുമാണ് ഭീഷണിയുള്ളത്. ഇവിടെ പമ്പിങ്ങ് ഇത് വരെ ആരംഭിച്ചിട്ടില്ല. 

തൈയ്യൽകായലിൽ വെള്ളം പൂർണമായും കയറി കൃഷിയൊരുക്കങ്ങൾ നിലച്ചിരിക്കുകയാണ്. കന്നിട്ടയിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാടശേഖരത്തെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികൾ നടത്തി 10 ദിവസത്തിനകം പമ്പിങ് നടത്തണമെന്ന് നേരത്തെ കളക്ടർ നിർദേശം നൽകിയിരുന്നു. 

കായൽ പാടശേഖരങ്ങൾ മാറ്റിനിർത്തിയാൽ മറ്റിടങ്ങളിൽ രണ്ടാം കൃഷിയുടെ വിത പുരോഗമിക്കുകയാണ്. കുട്ടനാട്ടിൽ 6480 ഹെക്ടറിലാണ് ഇക്കുറി രണ്ടാംകൃഷി. ചമ്പക്കുളം എഡിഎയുടെ പരിധിയിൽ മാത്രം 5660 ഹെക്ടറിൽ കൃഷിയുണ്ട്. ഇതിൽ 1200 ഹെക്ടറിലെ വിത പൂർത്തിയായി. ജില്ലയിൽ ഇത്തവണ 10,500 ഹെക്ടറിൽ രണ്ടാം കൃഷിയിറക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലായ് 15-ഓടെ വിത പൂർത്തിയാക്കും.  

click me!