
ആലപ്പുഴ: ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും രൂപം അലക്കുസോപ്പില്‍ കൊത്തിയെടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥി ഇന്ത്യ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഏഷ്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഇടം പിടിച്ചു. പുന്നപ്ര കപ്പക്കട കാളികാട്ടു വീട്ടില്‍ കരുമാടി ഹനീഫിന്റെയും മിനിയുടെയും മകന്‍ അല്‍ത്താഫ് എം ഹനീഫാണ് (18) നേട്ടം സ്വന്തമാക്കിയത്.
അഞ്ചാം വയസുമുതല്‍ ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച അല്‍ത്താഫിന് ലോക്ക്ഡൗണ്‍ കാലത്താണ് എന്തെങ്കിലുമൊരു റെക്കോര്‍ഡ് സ്ഥാപിക്കണമെന്ന ചിന്ത മനസില്‍ ഉദിച്ചത്. അമ്മ തുണി അലക്കിയ ശേഷം മിച്ചം വരുന്ന സോപ്പില്‍ വിവിധ രൂപങ്ങള്‍ കൊത്തിയെടുക്കുന്ന ശീലമുണ്ടായിരുന്നു. ആ പരിചയത്തിലാണ് 28 ഇന്ത്യന്‍ സംസ്ഥാനങ്ങളെ സോപ്പില്‍ കൊത്തിയെടുക്കാമെന്ന് ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്‌സ് അധികൃതരെ അറിയിച്ചത്.
പ്രവര്‍ത്തനത്തിന് ഏഴ് ദിവസത്തെ സമയം അവര്‍ര്‍ അനുവദിച്ചു. എന്നാല്‍ രണ്ട് പകലുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളുടെയും രൂപം അല്‍ത്താഫ് കൊത്തിയെടുത്തു. അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ട പ്രവര്‍ത്തന വീഡിയോ ഷൂട്ട് ചെയ്യേണ്ടതിനാല്‍ മികച്ച വെളിച്ചം ലഭിച്ചിരുന്ന രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെയുള്ള സമയമാണ് രൂപം കൊത്തിയെടുക്കാന്‍ ഉപയോഗിച്ചത്. കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് പരമാവധി അര മണിക്കൂറെടുത്തപ്പോള്‍, ഏറെ വലച്ചത് വെസ്റ്റ് ബംഗാളാണെന്ന് അല്‍ത്താഫ് പറയുന്നു. അതിര്‍ത്തികളിലെ രൂപ രേഖ കൊത്തുന്നതിനിടെ സോപ്പ് രണ്ടായി ഒടിഞ്ഞതാണ് നേരിട്ട വെല്ലുവിളി.
ഓരോ സംസ്ഥാനത്തിന്റെയും രൂപരേഖ ഗൂഗിളില്‍ നോക്കിയാണ് തയ്യാറാക്കിയത്. ഓണ്‍ലൈന്‍ വഴി എഴുന്നൂറ് രൂപയ്ക്ക് വാങ്ങിയ കാര്‍വിംഗ് ടൂളുകള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. അല്‍ത്താഫിന്റെ വ്യത്യസ്ത പരീക്ഷണം അംഗീകരിച്ച ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ടൈറ്റില്‍ നല്‍കിയാണ് ആദരിച്ചത്. കാറ്റ് കടക്കാത്ത ബോക്‌സില്‍ സിലിക്ക ജെല്ലിനൊപ്പം വച്ചാണ് സോപ്പ് കേടുവരാതെ സൂക്ഷിക്കുന്നത്.
ചിത്ര രചനയില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും മോഡല്‍ നിര്‍മ്മാണത്തില്‍ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. അനുജന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അല്‍ഫാസാണ് ഓരോ സംസ്ഥാനവും നിര്‍മ്മിക്കുന്ന വീഡിയോകള്‍ ചിത്രീകരിച്ചത്. മകന്റെ അപൂര്‍വ നേട്ടത്തില്‍ അതിയായ സന്തോഷത്തിലാണ് ഡ്രൈവറായ ഹനീഫും വീട്ടമ്മയായ മിനിയും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam