
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്ത പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. അവലൂക്കുന്ന് തെക്കേതയ്യിൽ കനകദാസിന്റെ മകൻ കിരൺദാസ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 നാണ് അപകടം. ബൈക്ക് ഓടിച്ച പറവൂർ കണ്ടംപറമ്പിൽ വിനോദിന്റെ മകൻ കിരണി(20)നെ ഗുരുതര പരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുന്നപ്രയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രികർ. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ, അതേ ദിശയിൽ പൊയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷ തട്ടി ഇരുവരും എതിരെ വന്ന ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓട്ടോറിക്ഷയും റോഡിന്‍റെ മറുവശത്തേക്കുമറിഞ്ഞു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന പറവൂർ പൂന്തിരംഞ്ചിറ വീട്ടിൽ ലീല(67)യ്ക്കും സൈക്കിൾ യാത്രക്കാരനായ പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ ഹസനും നിസാര പരിക്കേറ്റു.
അവലൂക്കുന്ന് സ്വദേശിയായ കിരണിന്റെ കുടുംബം ഇപ്പോൾ പുന്നപ്ര കപ്പക്കട കിഴക്ക് വാടകവീട്ടിലാണ് താമസിക്കുന്നത്. എസ് ഡി വി ബോയ്സ് എച്ച് എസ് എസിലെ കൊമേഴ്സ് ബാച്ചിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് കിരൺ ദാസ്. അപകട സമയത്ത് വാഹനയാത്രക്കാർ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തലവടി മുരുകക്ഷേത്രത്തിൽ ഫെബ്രുവരി 8 ന് നടക്കുന്ന വേൽകുത്തിനോട് അനുബന്ധിച്ച് വേൽ ഉണ്ടാക്കാൻ ഇരുമ്പ് വാങ്ങുവാൻ പോകുമ്പോഴാണ് അപകടം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam