
ആലപ്പുഴ: പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിൽ (16) നെ ആണ് കാണാതായത്. അരയൻപറമ്പിൽ കടവിൽ കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആദിൽ കയത്തിൽ മുങ്ങി താഴുകയായിരുന്നു. പുളികീഴ് പൊലിസും തിരുവല്ല അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കായംകുളം ഓച്ചിറ അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ ജഡം കണ്ടു കിട്ടി എന്നതാണ്. ഓച്ചിറ മേമന ഷെഹ്ന മൻസിൽ ഷെറഫ്ദ്ദീന്റെയും സജീനയുടെയും മകളായ ഷെഹന ( 16 ) യെയാണ് കഴിഞ്ഞ ദിവസം കടലിൽ കാണാതായത്. അഴീക്കൽ ബീച്ചിൽ ഷഹന കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. കടലിൽ ഇറങ്ങിയ ശേഷം പെട്ടന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ടു കഴിഞ്ഞ ദിവസം കാണാതാകുകയായിരുന്നു. രാത്രി 10 മണിയോടു കുടിയായിരുന്നു അപകടം നടന്നത്. സമയം രാത്രി വൈകിയതിനാലും തിരയുടെ ശക്തി കൂടിയത് കൊണ്ടും തെരച്ചിൽ രാത്രി വൈകി നിർത്തിവെക്കുകയായിരുന്നു. ഷെഹന പ്രയാർ ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സഹോദരി ഫാത്തിമ ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്.