
തൃശൂർ: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പുന്നയൂർ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ് എസ് ലിഷ ട്രിപ്പിൾ ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. അയൽവാസിയായ ആറ് വയസുകാരിയാണ് അതിജീവിത. 2021 ഒക്ടോബറിൽ പ്രതി സ്വന്തം വീട്ടിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി പിഴയായി ഒടുക്കുന്ന മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാൻ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതി കുട്ടിയെ ലൈംഗികാതിക്രമം നടത്തിയപ്പോൾ കുട്ടിക്ക് മുറിവേറ്റിരുന്നു. ഉമ്മുമ്മ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ നീറ്റൽ അനുഭവപ്പെട്ട് കുട്ടി കരഞ്ഞു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുറിവുണ്ടായത് ലൈംഗികാതിക്രമത്തിലൂടെയാണെന്ന് ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർമാർക്ക് മനസിലായി. ഇതോടെ മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വടക്കേക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുട്ടിയെ മെഡിക്കൽ ബോർഡിൽ ഹാജരാക്കി കൗൺസിലിംഗ് നടത്തി. ഇതിനിടെ പ്രതി ആരെന്ന് തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കോടതിയിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വടക്കേക്കാട് സ്റ്റേഷനിലെ ഗ്രേഡ് സിവിൽ പോലീസ് ഓഫീസർ മിനിതയാണ് കുട്ടിയുടെ മൊഴിയെടുത്തത്. ഇൻസ്പെക്ടറായിരുന്ന അമൃതരംഗനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെ എസ്. ബിനോയ് , അഡ്വ. കെ എൻ അശ്വതിയും ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam