
ഇടുക്കി: മലപ്പുറം എടവണ്ണയിൽ ഗൾഫ് വ്യവസായിയുടെ വീടിന് തീവെച്ച് ശേഷം മുങ്ങിയ ക്വട്ടേഷൻ ടീമംഗങ്ങളെ കാന്തല്ലൂരിൽ ഉൾവനത്തിനരികെയുള്ള റിസോർട്ടിൽ നിന്നും പൊലീസ് സംഘം സാഹസികമായി പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പൊലീസിനെ കണ്ട് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ സാഹസികമായ മൽപ്പിടുത്തത്തിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്. ഒന്നരമാസം മുൻപ് മലപ്പുറം എടവണ്ണയിൽ ഗൾഫ് വ്യവസായിയുടെ വീടിന് തീയിട്ട് കുടുംബാംഗങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചെർപ്പുളശേരി മൂലൻ കുന്നത്ത് അബ്ദുൽ റസാഖ് (25), പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി വലിയ പറമ്പത്ത് ഷെഫീഖ് (28), പ്രതികളെ മറയൂരിൽ ഒളിച്ച് താമസിക്കാൻ സഹായിച്ച സുഹൃത്തും റിസോർട്ട് ഉടമയുമായ മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം കല്ലൻ ഫഹദ് (28) എന്നിവരെയാണ് പിടികൂടിയത്. ഷെഫീഖിന് ക്വട്ടേഷൻ ലഭിച്ചത് വിദേശത്ത് നിന്നാണെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽ കഴിഞ്ഞത് ചെങ്കുത്തായ മലമുകളിലെ റിസോർട്ടിൽ
എടവണ്ണ പൊലീസും മലപ്പുറം എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡും മറയൂർ പൊലീസിന്റെ സഹായത്തോടെ മറയൂർ വന മേഖലയിലെ 15 കിലോമീറ്ററോളം ചെങ്കുത്തായ മലമുകളിലെ റിസോർട്ടിൽ നിന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തത്. 2024 ജൂലായ് 29-നാണ് കേസിന് ആസ്പദമായ സംഭവം. ആര്യൻതൊടികയിൽ ഗൾഫ് വ്യവസായിയുടെ വീടിന് ഒരുകൂട്ടം ആളുകൾ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വീടിന് മുൻപിൽ ഇട്ടിരുന്ന രണ്ടു കാറുകൾ കത്തിനശിക്കുകയും വീടിന് കാര്യമായ കേടുപാടുകൾ വരുത്തുകയും ചെയ്തു. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കുടുംബാംഗങ്ങൾ വീട്ടിലുള്ളിൽ ഉണ്ടായിരുന്നു. ഇവർക്ക് അപകടമുണ്ടായില്ല. കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട നമ്പറില്ലാത്ത കാർ സിസിടിവിയിൽ പതിഞ്ഞിരുന്നു. രക്ഷപ്പെടും വഴി ഈ കാർ മങ്കട എന്ന സ്ഥലത്ത് വച്ച് ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. അടുത്ത ദിവസം തന്നെ പ്രതികളിലൊരാൾ മങ്കടയിൽ എത്തി 30,000 രൂപ പിക്കപ്പ് വാനിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്കി. തുക വന്നത് വിദേശ അക്കൗണ്ടിൽ നിന്നുമാണെന്ന് കണ്ടെത്തി. പിക്കപ്പ് വാൻ ഉടമ പ്രതികളുടെയും കാറിൻ്റെയും ചിത്രങ്ങളും എടുത്തത് പോലീസിന് സഹായമായി. ഇതോടെയാണ് പ്രതികളിലേക്ക് എത്തിച്ചേരുന്നത്. ഈ കാറും ഒരു പ്രതി ചെർപ്പുളശ്ശേരി സ്വദേശി ആഷിഫ് കൈപ്പഞ്ചേരി (18)യേയും എടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് പ്രതികൾ മറയൂരിലുണ്ടെന്ന് മനസ്സിലായത്.
വളർത്തുനായയെ അഴിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
പ്രതികളെ അന്വേഷിച്ച് മറയൂർ എസ്ഐയും മലപ്പുറം സ്പെഷ്യൽ സ്ക്വാഡും എത്തിയ സമയം റിസോർട്ടിലെ വളർത്തുനായയെ അഴിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസിനെ ഭയപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻ നൽകിയവർ ഷെഫിഖിന്റെ സുഹൃത്തുക്കളുടെ പല അകൗണ്ടുകളിലൂടെ ലക്ഷങ്ങൾ കൈമാറിയതായും പൊലീസ് കണ്ടെത്തി. കൃത്യം നടത്താനായി കാറിൽ വന്ന തിരുരങ്ങാടി സ്വദേശികളും ഷഫീക് ന്റെ സുഹൃത്തുക്കളുമായ രണ്ട് പേരെ കുറിച്ചും കൃത്യമായ വിവരം പൊലീസിന് ലഭിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി.വൈ.എസ്.പി പി.കെ. സന്തോഷിൻ്റെ നേതൃത്വത്തിൽ എടവണ്ണ ഇൻസ്പെക്ടർ ഇ.ബാബു , എസ്.ഐ. മനോജ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം അസൈനാർ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.അബ്ദുൽ സലീം, എൻ.പിസുനിൽ, എടവണ്ണ പൊലീസ് സ്റ്റേഷനിലെ വി. സുരേഷ് ബാബു കെ., സബീറലി, , സിയാദ് മറയൂർ എസ്.ഐ.എൻ.എസ്.സുനേഖ് , ജോബി ആന്റണി, എസ്. സജുസൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam