
പാലക്കാട്: മാരക മയക്കുമരുന്നുമായി പാലക്കാട് യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് - കോഴിക്കോട് ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ പൊലീസ് പിടിയിലായത്.
അമിതവേഗതിയിൽ വന്ന വാഹനം സംശയം തോന്നി പൊലീസ് തടഞ്ഞു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കൊറിയർ രൂപത്തിൽ ഒളിപ്പിച്ച 150 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, സജു സി, ഷെറിൻ കെ എന്നിവരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് യുവാക്കൾ മയക്കുമരുന്ന് വാങ്ങിയിട്ടുള്ളത്. സ്വന്തം ഉപയോഗത്തിനാണോ, ഡീലർമാരാണോ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലയിൽ വരും ദിവസങ്ങളിലും വാഹന പരിശോധന വ്യാപകമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam