സമ്പൂര്‍ണ ലോക്ക് ഡൗണില്‍ നിശ്ചലമായി മൂന്നാര്‍; നിരീക്ഷണം കര്‍ശനമാക്കി പൊലീസ്

By Web TeamFirst Published Apr 10, 2020, 3:29 PM IST
Highlights

മുതിര്‍ന്ന പൗരന്മാരും കുട്ടികളും നിരത്തിലിറങ്ങിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പുറത്തിറങ്ങിയാൽ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് കുട്ടികളെ പുറത്തിറങ്ങുവാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല.

ഇടുക്കി: ഒരാഴ്ച്ത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആദ്യ ദിവസം തന്നെ മൂന്നാര്‍ നിശ്ചലമായി. റവന്യൂ വകുപ്പിൻറെയും പൊലീസിന്റെയും  നേതൃത്വത്തില്‍ അതിർത്തികളിലടക്കം നിരീക്ഷണം ശക്തമാക്കി വരികയാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ദേവികുളം സബ് കളക്ടർ പറഞ്ഞു. 

മൂന്നാറിലെ ഒരാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആദ്യദിവസം തന്നെ വ്യാപാര സ്ഥപനങ്ങൾ പുർണ്ണമായും നിശ്ചലമായി. അടിയന്തര സേവനങ്ങള്‍ക്കായി ഓടുന്ന വാഹനങ്ങളൊഴികെ മറ്റുള്ള ഒരു വാഹനവും നിരത്തിറിങ്ങിയില്ല. ലോക്ക് ഡൗണ്‍ പ്രഖാപിച്ച ശേഷം ആദ്യമായാണ് മൂന്നാര്‍ സമ്പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ ദിവസവും ആളുകളുടെ എണ്ണത്തിൽ കുറവില്ലായിരുന്നു. എന്നാൽ സമ്പൂര്‍ണ  അടച്ചിടൽ പ്രഖ്യാപനം വന്നതോടെ മൂന്നാര്‍ ടൗണില്‍ ആളൊഴിഞ്ഞ് മൂന്നാര്‍ നിശ്ചലമായി. പൊലീസ് നല്‍കിയ കര്‍ശന മുന്നറിയിപ്പ് അനുസരിച്ച് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുവാന്‍ തയ്യാറായില്ല. 

മുതിര്‍ന്ന പൗരന്മാരും കുട്ടികളും നിരത്തിലിറങ്ങിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പുറത്തിറങ്ങിയാൽ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് കുട്ടികളെ പുറത്തിറങ്ങുവാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല. അടിയന്തര സാഹചര്യങ്ങളിളൊഴികെ മറ്റൊരു വാഹനവും യാത്ര നടത്തുവാനുള്ള അനുമതിയില്ലായിരുന്നു. ആശുപത്രി പോലുള്ള ആവശ്യങ്ങള്‍ക്ക് ആശുപത്രി സംബന്ധമായി രേഖകൾ കാണിച്ചാല്‍ യാത്ര ചെയ്യുവാന്‍ പൊലീസ് അനുവാദ് നല്‍കും.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം അരിയും പച്ചക്കറിയും മറ്റു അത്യാവശ്യ വസ്തുക്കളും വാങ്ങുന്നതിന്  മൂന്നാര്‍ ടൗണില്‍ വ്യാപകമായ  തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. 10 മണി മുതല്‍ 2 വരെ കടകള്‍ തുറന്നു കൊടുത്തിരുന്നു എന്നാൽ തിരക്ക് നിയന്ത്രിക്കുവാന്‍ പൊലീസിനും റവന്യ പഞ്ചായത്ത് അധികൃതർക്കും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

അതിർത്തി മേഖലകളിൽ ജാഗ്രതയും പ്രതിരോധപ്രവര്‍ത്തനങ്ങളും അയവില്ലാതെ തുടരുവാനാണ് ഭരണകൂടവും പൊലീസും തീരുമാനിച്ചിരിക്കുന്നത്. ടൗണിലെ തിരക്കു ഇല്ലാതായെങ്കിലും ആളുകള്‍ സംഘം ചേരുന്നുണ്ടോയെന്ന് വിശദമായി പരിശോധനകള്‍ പൊലീസ് എസ്‌റ്റേറ്റ് പ്രദേശങ്ങളില്‍ നടത്തുന്നുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ഈ ദിവസങ്ങളില്‍ തുടരാനാണ് തീരുമാനം .

click me!