ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്; രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്

By Web TeamFirst Published May 30, 2021, 11:21 PM IST
Highlights

വീട് വാടകക്ക് നോക്കാൻ വരുന്നവര്‍ക്കായി അയൽവാസിയുടെ കയ്യിൽ താക്കോൽ നൽകിയിരുന്നു. എന്നാൽ ഉടമയുമായി വാടക കരാറായി എന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാർ അയൽവാസിയിൽ നിന്ന് താക്കോൽ വാങ്ങി.  വീട്ടിൽ പുതിയ ആളുകൾ താമസിക്കുന്നുവെന്ന വിവരം പരിസരവാസികൾ വിളിച്ച് പറഞ്ഞപ്പോഴാണ് ഉടമ അറിഞ്ഞത്.

കൊച്ചിയിൽ റിട്ടയേഡ് അധ്യാപകന്റെ വീട് ഉടമയറിയാതെ മറ്റൊരാൾക്ക് പണയത്തിന് നൽകിയെന്ന പരാതിയിൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികൾ മുൻകൂർ ജാമ്യമെടുത്തതിനാലാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നാണ് പൊലീസ് നിലപാട്. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന രുദ്രവാര്യർ തന്റെ മകളുടെയും മരുമകനായ സഞ്ജയുടെയും പേരിൽ വാങ്ങിയ വീട്ടിലാണ് അനധികൃതമായി ആളുകൾ താമസിക്കുന്നുവെന്ന് കാണിച്ച് പരാതിയുമായെത്തിയത്. 

മകളുടെ ഒപ്പം ബംഗളൂരുവിലായിരുന്നു രുദ്രവാര്യർ താമസിച്ചിരുന്നത്. പോണേക്കരയിലെ വീട് വാടകക്ക് നോക്കാൻ വരുന്നവര്‍ക്കായി അയൽവാസിയുടെ കയ്യിൽ താക്കോൽ നൽകിയിരുന്നു. എന്നാൽ ഉടമയുമായി വാടക കരാറായി എന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാർ അയൽവാസിയിൽ നിന്ന് താക്കോൽ വാങ്ങി.  വീട്ടിൽ പുതിയ ആളുകൾ താമസിക്കുന്നുവെന്ന വിവരം പരിസരവാസികൾ വിളിച്ച് പറഞ്ഞപ്പോഴാണ് ഉടമ അറിഞ്ഞത്.

 രുദ്രവാര്യരുടെ പോണോക്കരയിലെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്ന നൗഫൽ എട്ട് ലക്ഷം രൂപ നൽകി 11 മാസത്തേക്ക് പണയത്തിന് എടുത്തതാണെന്ന് അറിഞ്ഞത്. അജിത്കുമാർ എന്നയാളുടേതാണ് വീടെന്ന വ്യാജേന, ഇടനിലക്കാരൻ നൗഫലിനെ  കബളിപ്പിച്ചാണ് പണയത്തിന് നൽകിയത്.

താമസം തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞാണ് തട്ടിപ്പിനെക്കുറിച്ച് നൗഫൽ മനസിലാക്കുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഇടനിലക്കാരനായ ഫൈസൽ, അജിത് കുമാര്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു. എന്നാൽ മുൻകൂർ ജാമ്യമെടുത്തെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!