ശമ്പള വിഹിതം പ്രളയസഹായത്തിന്; പൊലീസ് വേഷത്തില്‍ അന്‍പോടെ മധു

By Web TeamFirst Published Aug 15, 2019, 5:13 PM IST
Highlights

'മറ്റുളളവരുടെ വേദന നമ്മുടെ വേദനയാണെന്ന് തിരിച്ചറിഞ്ഞ് സഹായിക്കുന്നവരുടെ കൂടെ ഈശ്വരനുണ്ടാകും. അര്‍ഹിക്കുന്ന ആവശ്യങ്ങള്‍ അവന് നല്‍കുകയും ചെയ്യും' മധു പറഞ്ഞു

ഇടുക്കി: പ്രളയത്തില്‍ പാടെ തകര്‍ന്ന മലബാറിനെ കൈപിടിച്ച് ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുകയാണ് മൂന്നാറിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥനായ മധു. ഒരുമാസത്തെ ശമ്പളത്തിലെ ഒരു വിഹിതം സംഭാവനയായി നല്‍കിയാണ് അദ്ദേഹം സംസ്ഥാന പൊലീസ് സേനയ്ക്ക് അഭിമാനമാകുന്നത്.

പ്രളയം തകര്‍ത്തെറിഞ്ഞ മലബാറിനെ കൈപിടിച്ചുയര്‍ത്താന്‍ ഉദ്യോഗസ്ഥര്‍മാരും മാത്യകയാവണമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ തുറന്നുകാട്ടുന്നത്. ജനമൈത്രി പൊലീസിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ വി കെ മധു കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

രാവിലെ ഓഫീസിലെത്തിയ അദ്ദേഹം ആരുമറിയതെയാണ് അന്‍പോടെ മൂന്നാര്‍ എന്ന കളക്ഷന്‍ സെന്‍ററിലെത്തിയത്. ശമ്പളത്തില്‍ നിന്നും ഒരുവിഹിതം കവറിനുള്ളിലിട്ട് സംഘാടകര്‍ക്ക് നല്‍കി. കൂടാതെ അസോസിയേഷന്‍റെ നേത്യത്വത്തില്‍ നല്‍കുന്ന സഹായനിധിയിലും അദ്ദേഹം പങ്കാളിയാകുന്നുണ്ട്. 'മറ്റുളളവരുടെ വേദന നമ്മുടെ വേദനയാണെന്ന് തിരിച്ചറിഞ്ഞ് സഹായിക്കുന്നവരുടെ കൂടെ ഈശ്വരനുണ്ടാകും. അര്‍ഹിക്കുന്ന ആവശ്യങ്ങള്‍ അവന് നല്‍കുകയും ചെയ്യും' അദ്ദേഹം പറഞ്ഞു. ക്യാമറ കണ്ടതോടെ മധു സഹായം നല്‍കി പെട്ടെന്ന് അവിടെ നിന്നും മടങ്ങുകയും ചെയ്തു.

click me!