അമ്മ ഐസിയുവിൽ; അതിഥി തൊഴിലാളിയുടെ പെൺകുഞ്ഞിന് 'അമ്മ'യായി പൊലീസ് ഉദ്യോ​ഗസ്ഥ

Published : Nov 24, 2023, 01:21 PM IST
അമ്മ ഐസിയുവിൽ; അതിഥി തൊഴിലാളിയുടെ പെൺകുഞ്ഞിന് 'അമ്മ'യായി പൊലീസ് ഉദ്യോ​ഗസ്ഥ

Synopsis

വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച കുഞ്ഞിനെ കണ്ട  സിപിഒ ആര്യ തന്റെ മകളെ ഓർത്തു.

കൊച്ചി: ആ കുഞ്ഞുമുഖം കണ്ടപ്പോൾ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെ സിപിഒ ആര്യക്ക് ഓർമ്മ വന്നത് ഒമ്പത് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയാണ്. പിന്നൊന്നും ആലോചിച്ചില്ല. അതിഥി തൊഴിലാളിയുടെ കുഞ്ഞിന് ആര്യ അമ്മയായി, പാലൂട്ടി. ഐസിയുവിലായ പാട്ന സ്വദേശിയുടെ നാല് മാസം പ്രായമായ പെൺകുഞ്ഞിനെയാണ് കൊച്ചി വനിത പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആര്യ ചേർത്ത് പിടിച്ചത്. 

ചട്ടപ്പടി പലതും കണ്ട് കൊണ്ടേ ഇരിക്കുന്നവരാണ് പൊലീസുകാർ. എന്നാൽ കൊച്ചി വനിത പൊലീസ് സ്റ്റേഷനിലെ ഈ കാഴ്ച അതിനപ്പുറമായി. 
അതിഥി തൊഴിലാളിയായ സ്ത്രീ ജനറൽ ആശുപത്രിയിലെ ഐസിയുവിലായതോടെ ആ അമ്മയുടെ നാല് മക്കൾ ആശുപത്രി വരാന്തയിൽ അനാഥരായി. പതിമൂന്നും അഞ്ചും രണ്ടും നാലുമാസവും പ്രായമുളള കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങളുടെ കരച്ചിലടക്കാൻ ആശുപത്രി ഒടുവിൽ പൊലീസിന്‍റെ സഹായം തേടി. വിശന്നു കരഞ്ഞ മൂന്ന് കുട്ടികൾക്ക് പൊലീസ് ഉദ്യോ​ഗസ്ഥർ ഭക്ഷണം വാങ്ങി നൽകി കരച്ചിലടക്കി. എന്നാൽ നാല് മാസം പ്രായമുള്ള കുഞ്ഞ് വിശന്ന് കരഞ്ഞ് തളർന്നുറങ്ങി. വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച കുഞ്ഞിനെ കണ്ട  സിപിഒ ആര്യ തന്റെ മകളെ ഓർത്തു. പൊലീസുകാരി മാത്രമല്ല, മുലയൂട്ടുന്ന അമ്മ കൂടിയാണെന്ന് പറഞ്ഞ് കുഞ്ഞിന് പാല് നൽകാൻ മുന്നോട്ട് വന്നത് ആര്യ തന്നെയാണ്. വിശപ്പ് മാറിയ ഉടനെ കുഞ്ഞ് സുഖമായുറങ്ങി. 

പിഞ്ചു കുഞ്ഞിനെയും സഹോദരങ്ങളെയും വനിത പൊലീസ് സ്റ്റേഷൻ ഏറ്റെടുത്തു. അമ്മയടുത്തില്ലാത്ത സങ്കടത്തെ അല്പസമയം അവർ മറന്ന് പോയി. മുതിർന്ന കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കി. എല്ലാവരെയും ശിശുഭവനിലേക്ക് മാറ്റി. കുട്ടികളുടെ അമ്മ പാട്ന സ്വദേശി അജനയ്ക്ക് ഹൃദയവാൽവ് തകരാറിലായതിനെ തുടർന്ന് നെഞ്ച് വേദനയായിട്ടാണ് ആശുപത്രിയിലെത്തിയതും ഉടൻ ഐസിയുവിലാക്കിയതും. അമ്മയ്ക്ക് ഒരാഴ്ച ഇനിയും ആശുപത്രിയിൽ തുടരേണ്ടി വരും. കുട്ടികളുടെ അച്ഛൻ പൊലീസ് കേസിൽ പ്രതിയായി ജയിലിലാണ്.

ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; 12 പേരുടെ ഭൂമി ഏറ്റെടുത്തു, പ്രതിഷേധവുമായി നാട്ടുകാർ


 

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ