
ആലപ്പുഴ: മക്കളുണ്ടെങ്കിലും തിരിഞ്ഞുനോക്കാനാരുമില്ലാത്ത നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. വിദേശത്തുജോലിചെയ്യുന്ന മക്കള്‍ രക്ഷിതാക്കളെ തനിച്ച് നാട്ടിലെ വീട്ടിലാക്കിയിട്ടുപോകുന്നതും പതിവുകാഴ്ചയാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പറപ്പള്ളിയിലെ ത്രേസ്യാമ്മാ ജോസഫും കഴിഞ്ഞ ദിവസം വരെ ഒറ്റക്കായിരുന്നു. വീടിന്റെ ചുറ്റും ക്യാമറകൾ ഘടിപ്പിച്ച് അമ്മയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും അത്യാവശ്യത്തിന് ഒന്ന് പുറംലോകത്തോട് ബന്ധപ്പെടാന്‍ പോലും അവര്‍ക്കാവില്ല.
വയോധികർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തന്നതിന് വേണ്ടി പൊലീസ് ഗൃഹസന്ദർശനം നടത്താറുണ്ട്. ഈ ഓണത്തിന് ത്രേസ്യാമ്മയുടെ അടുത്തെത്തിയ പൊലീസ് ഓഫീസര്‍മാര്‍ കണ്ടത് ദയനീയ കാഴ്ചയായിരുന്നു. ഓണമായിട്ടും ഏറെ പണിപ്പെട്ട് കഞ്ഞിമാത്രം വച്ചിട്ടുണ്ട്. പിന്നെയൊന്നും നോക്കിയില്ല മക്കളുണ്ടായിട്ടും ഓണം ഈ അവസ്ഥയിലായ അമ്മയോടൊപ്പം തന്നെ ആകാം ആഘോഷമെന്ന് തീരുമാനിച്ചു പോലീസ് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ് രാജും സംഘവും.
പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് ഓരോ കറികളായി എത്തിച്ചു. അവര്‍ ത്യ്രേസ്യാമ്മയ്ക്ക് ഓണസദ്യ വിളമ്പി. ത്യ്രേസ്യാമ്മയ്ക്കൊപ്പം ഓണസദ്യയും കഴിച്ചു. ഓണക്കോടി സമ്മാനിക്കാനും മറന്നില്ല. മക്കളെയും ബന്ധുക്കളെയും വിളിച്ച് അമ്മയുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് താക്കീതും നൽകിയാണ് അവര്‍ മടങ്ങിയത്.
സ്റ്റേഷൻ പരിധിയിൽ പലവീടുകളിലും വയോധികർ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞവർ അവരുടെ വീടുകളിൽ എത്തുകയും വൃദ്ധരായ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോകുകയോ അവരുടെ ബന്ധുക്കളെ വരുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയോ ചെയ്തു. പലരും ആ വിവരം സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ചെയ്തുവെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam