മൂന്നാറിൽ ഗതാഗത പരിശോധന; അനധികൃത ഓട്ടോ സര്‍വീസുകള്‍ക്ക് 'പൂട്ടിട്ട്' പൊലീസ്

By Web TeamFirst Published Jul 27, 2019, 11:59 PM IST
Highlights

മൂന്നാറിൽ ആവശ്യമായ രേഖകളില്ലാതെ സർവീസ് നടത്തുന്ന 150 ഓട്ടോറിക്ഷകൾ പിടിച്ചെടുത്തു. വിനോദസഞ്ചാരികളിൽ നിന്ന് അമിത കൂലി ഈടാക്കുന്നതടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

ഇടുക്കി: മൂന്നാറിലെ അനധികൃത ഓട്ടോ സര്‍വീസുകള്‍ക്ക് തടയിട്ട് പൊലീസ്. പരിശോധനയിൽ ആവശ്യമായ രേഖകളില്ലാതെ സർവീസ് നടത്തുന്ന 150 ഓട്ടോറിക്ഷകൾ പിടിച്ചെടുത്തു. വിനോദസഞ്ചാരികളിൽ നിന്ന് അമിത കൂലി ഈടാക്കുന്നതടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

ഓണക്കാലത്ത് മൂന്നാറിലെ ഗതാഗത കുരുക്ക് ഒഴിവാക്കുകയും സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. രണ്ടായിരം ഓട്ടോറിക്ഷകളാണ് മൂന്നാറിൽ സർവീസ് നടത്തുന്നത്. ഇതിൽ പകുതി എണ്ണത്തിനും സർവീസ് നടത്താൻ ആവശ്യമായ രേഖകളില്ല. ഇത്തരം ഓട്ടോ ഓടിക്കുന്നവർ വിനോദസഞ്ചാരികളിൽ നിന്ന് അമിത കൂലി വാങ്ങുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ സഹാചര്യത്തിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് മതിയായ രേഖകളില്ലാത്ത 150 ഓട്ടോറിക്ഷക‌ൾ പിടിച്ചെടുത്തത്.

പരിശോധന കർശനമാക്കിയതോടെ മൂന്നാർ ടൗണിലെ ഓട്ടോറിക്ഷകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തിൽ പെരിയവാര, മാട്ടുപ്പെട്ടി, ദേവികുളം, എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ഓട്ടോ ഓടിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മൂന്നാർ പഞ്ചായത്തും ഓട്ടോകളുടെ ക്യത്യമായ എണ്ണം കണ്ടെത്താനുള്ള നടപടി തുടങ്ങി. വരും ദിവസങ്ങളിൽ പരിശോധന പൂ‍ർത്തിയാക്കി വിവിധ വകുപ്പുകളുടെ സ്റ്റിക്കർ പതിപ്പിച്ച ഓട്ടോകൾ മാത്രമേ മൂന്നാറിൽ സർവീസ് നടത്താൻ അനുവദിക്കൂ എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

click me!