പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം

By Web TeamFirst Published Jun 10, 2021, 9:28 AM IST
Highlights

ശുചിമുറിയടക്കം പെണ്‍കുട്ടി പോയിരുന്നത് രഹസ്യവാതിലിലൂടെയാണ്. ഭക്ഷണവും വെള്ളവുമല്ലാം യഥാസമയം വീട്ടുകാരറിയാതെ യുവാവ് ലഭ്യമാക്കിയിരുന്നു. വീട്ടിലുള്ളവരുടെ കണ്ണില്‍പെടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു നീക്കങ്ങള്‍. പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. 

നെന്മാറ: പാലക്കാട് നെന്മാറയില്‍ പ്രണയിച്ച  പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി കൂടുതല്‍ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച്  അയൽവാസികൾ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ച  സാഹചര്യത്തിലായിരുന്നു വീണ്ടും പരിശോധന. 2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു വിവരവും ലഭിച്ചില്ല.

പത്ത് വര്‍ഷക്കാലം അയിലൂര്‍ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും
കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് വ്യക്തമായത് കഴിഞ്ഞ ദിവസമാണ്. മൂന്ന് മാസം മുമ്പ് കാണാതായ യുവാവിനെ നെന്മാറ നഗരത്തില്‍ നിന്ന് സഹോദരൻ തിരിച്ചറിഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് സ്വന്തം വീട്ടിൽ പത്തുവർഷക്കാലം പെൺകുട്ടിയെ ഒളിപ്പിച്ച് താമസിച്ച് വിവരം യുവാവ് പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയെ മുറിയില്‍ വീട്ടുകാര്‍ കാണാതിരിക്കാന്‍ ചില സംവിധാനങ്ങളൊരുക്കിയിരുന്നു. ശുചിമുറിയടക്കം പെണ്‍കുട്ടി പോയിരുന്നത് രഹസ്യവാതിലിലൂടെയാണ്. ഭക്ഷണവും വെള്ളവുമല്ലാം യഥാസമയം വീട്ടുകാരറിയാതെ യുവാവ് ലഭ്യമാക്കിയിരുന്നു.

വീട്ടിലുള്ളവരുടെ കണ്ണില്‍പെടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു നീക്കങ്ങള്‍. പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേ വീട്ടിൽ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങൾ ഇവരുടെ മുറിയിൽ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു. മൂന്നുമാസം മുമ്പ് യുവാവ് , രഹസ്യമായി പെൺകുട്ടിയെയും കൂട്ടി വിത്തനശ്ശേരിയിലെ വാടക  വീട്ടിലേക്ക് മാറി യുവാവുമൊത്ത് കഴിയാനുള്ള താല്‍പര്യം അറിയിച്ചതോടെ പൊലീസ് കേസ് തീര്‍പ്പാക്കി.

 സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇവർ ആരും ഇതുവരെ തയ്യാറായിട്ടില്ല. നാട്ടുകാരടക്കം വിഷയത്തില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി വീട്ടിലെത്തി വീണ്ടും പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!