
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പൊലീസുകാരൻ്റെ മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായും റിപ്പോർട്ടില്‍ പറയുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദാണ് മരിച്ചത്. പൊലീസുകാരനെ ആക്രമിച്ച പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. എം സി റോഡിൽ തെള്ളകത്തുള്ള കടയിൽ പുലർച്ചെ ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ ജോർജ് തട്ടുകടയിലെത്തി കട ഉടമയുമായി തർക്കമുണ്ടായി. അകാരണമായി തട്ടുകട ഉടമയെ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് കോട്ടയത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പൊലീസുകാരൻ ശ്യാം പ്രസാദ് കടയിൽ കയറിയത്. പൊലീസുകാരനെ മുൻ പരിചയമുള്ള കടയുടമ പ്രതി അക്രമം ഉണ്ടാക്കിയ വിവരം പറഞ്ഞു. ഇതിനെ തുടർന്ന് ശ്യാം പ്രസാദ്, അക്രമം തുടർന്നാൽ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പ്രതിയോട് പറയുകയും ഇയാൾ കടയുടമായെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി ജിബിൻ ജോർജ് ശ്യാം പ്രസാദിന് മർദ്ദിച്ചു, പൊലീസുകാരനെ തള്ളി താഴെ ഇട്ടശേഷം പ്രതി ഇയാളുടെ നെഞ്ചത്ത് ചവിട്ടി.
രാത്രികാല പെട്രോളിങ്ങിന് എത്തിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ശ്യം പ്രസാദ് ജീപ്പിനുള്ളിൽ കുഴഞ്ഞ് വീണു. അമിതമായ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്യം പ്രസാദ് ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്. ജിബിൻ ജോർജ് കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലിലായി 7 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജിബിൻ ജോർജ്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സാമൂഹിക വിരുദ്ധരുടെ പട്ടികയിലും ജിബിൻ ജോർജ് ഉണ്ട്.
Also Read: ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം: അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദനമേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam