
കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ വോട്ടു തേടരുതെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും റിട്ടേണിങ് ഓഫീസറുമായ ജില്ലാ കളക്ടര്‍ അറിയിച്ചു.
'മൈതാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു സാഹചര്യത്തിലും സ്‌കൂള്‍, കോളജ് അക്കാദമിക കലണ്ടര്‍ തടസപ്പെടാന്‍ പാടില്ല. സ്‌കൂള്‍ മാനേജ്മെന്റിന് ഒരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടാകരുത്. സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റിന്റെയും ബന്ധപ്പെട്ട സബ് ഡിവിഷണല്‍ ഓഫീസറുടേയും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കണം അനുമതി നല്‍കേണ്ടത്. ഇത്തരം മൈതാനങ്ങള്‍ ഉപയോഗിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്തകയാക്കി മാറ്റാന്‍ പാടില്ല. മൈതാനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി കോടതി നിര്‍ദ്ദേശമോ ഉത്തരവോ നിലവിലുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല. മൈതാനങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചാരകരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം.' രാഷ്ട്രീയസമ്മേളനങ്ങള്‍ക്ക് സ്‌കൂള്‍, കോളജ് ഗ്രൗണ്ടുകള്‍ അനുവദിക്കുന്നതിലുള്ള എല്ലാ ചട്ട ലംഘനങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന്‍ ഗൗരവമായി കാണുമെന്നും അധികൃതര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിലെ പ്രചാരണ സാമഗ്രികള്‍ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എല്ലാ പ്രിന്റിംഗ് പ്രസ് ഉടമകളും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജനപ്രാതിനിധ്യനിയമം 127 എ അനുശാസിക്കുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികളില്‍ പ്രസാധകന്റെയും പ്രസ് ഉടമയുടെയും പേരും വിലാസവും അച്ചടിച്ചിരിക്കണം. ആകെ എത്ര കോപ്പികള്‍ അച്ചടിച്ചു, ഈടാക്കിയ തുകയെത്ര തുടങ്ങിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള ഫോം അപ്പന്റിക്സ് ബിയില്‍ രേഖപ്പെടുത്തി ഒപ്പുവച്ച് അച്ചടിച്ച തീയതി മുതല്‍ മൂന്നുദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രചാരണ സാമഗ്രിയുടെയും പ്രസാധകന്റെ പ്രഖ്യാപനത്തിന്റെയും നാലു പകര്‍പ്പുകളും ഇതിനൊപ്പം നല്‍കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ഉള്‍പ്പെടുന്ന ശിക്ഷയോ ലഭിക്കുന്നതാണ്. ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam