5 മണിക്കൂർ, അതും കൊടും കാട്ടിലൂടെ! ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ നടന്നത് 18 കി.മി

By Web TeamFirst Published Apr 20, 2024, 10:13 AM IST
Highlights

ആനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യജീവികൾ സ്ഥിരമായി ഇറങ്ങുന്ന മേഖലയിലൂടെ സ്പെഷ്യല്‍ പോളീംഗ് ഓഫീസർമാരായ മൂന്നു സ്ത്രീകളടങ്ങുന്ന 9 അംഗ സംഘം ബുധനാഴ്ച്ച രാവിലെ ഏട്ടോകാലോടെ നടന്നു തുടങ്ങി.

മൂന്നാർ: ഇടുക്കിയിൽ കിടപ്പുരോഗിയുടെ വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വനത്തിലൂടെ നടന്നത് 18 കിലോമീറ്റർ. കേരളത്തിലെ ആദ്യ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലകുടിയിലെ 92 കാരന്‍ ശിവലിംഗത്തിന്‍റെ വോട്ട് രേഖപ്പെടുത്താൻ വേണ്ടിയായിരുന്നു മൂന്നു സ്ത്രീകളടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിന്‍റെ യാത്ര. മൂന്നാറില്‍ നിന്നും ഇടമലക്കുടി കോപ്പക്കാടുവരെ ജീപ്പ് മാർഗ്ഗമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയത്. 

കോപ്പക്കാടു നിന്നും നൂറടിയിലെക്ക് 9 കിലോമീറ്റര്‍ കാൽനടയായി ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ ഒരാൾക്ക് മാത്രം സം‍‍ഞ്ചരിക്കാവുന്ന പാതതയിലൂടെ നടന്നുള്ള യാത്ര. ആനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യജീവികൾ സ്ഥിരമായി ഇറങ്ങുന്ന മേഖലയിലൂടെ സ്പെഷ്യല്‍ പോളീംഗ് ഓഫീസർമാരായ മൂന്നു സ്ത്രീകളടങ്ങുന്ന 9 അംഗ സംഘം ബുധനാഴ്ച്ച രാവിലെ ഏട്ടോകാലോടെ നടന്നു തുടങ്ങി. കൊടും വനത്തിലൂടെയുള്ള യാത്രക്കിടെ ഇടക്കിടെ കാണുന്ന നാലോ അഞ്ചോ കുടികള്‍ മാത്രമായിരുന്നു ഏക ആശ്വാസം. 

അഞ്ചേകാല്‍ മണിക്കൂര്‍ നടന്ന് നൂറടിയിലെത്തി 31ആം ബൂത്തിലെ വോട്ടറായ 92 കാരന്‍ ശിവലിംഗത്തിന്‍റെ വോട്ട് രേഖപെടുത്തിയപ്പോള്‍ എല്ലാവർക്കും സന്തോഷം. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ കോപ്പകാടെത്തിയപ്പോല്‍ സമയം രാത്രി 8 മണി. ഒരു വോട്ട് രേഖപ്പെടുത്താനായി ഉദ്യോഗസ്ഥർ മൊത്തം നടന്നത് 18 കിലോമീറ്റര്‍ ആണ്. നടപ്പ് ശരീരക്ഷീണം ഉണ്ടാക്കിയെങ്കിലും വലിയോരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആവശമായിരുന്നു അപ്പോഴും പോളീംഗ് ഉദ്യോഗസ്ഥര്‍ക്ക്.

Read More : 'ആദ്യം പണം താ സർക്കാരെ'; എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ, നേരിടുന്നത് വൻ പ്രതിസന്ധി

click me!