
ആലപ്പുഴ: വാടക നല്‍കാത്തതിനാല്‍ വീട്ടുടമ പതിമൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയുള്‍പ്പെടുന്ന ഒരു കുടുംബത്തെ മുഴുവന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ഇറക്കിവിടുമ്പോള്‍ ഇവരുടെ സാധനങ്ങള്‍ എടുക്കാനും വീട്ടുടമ സമ്മതിച്ചില്ല. മഴയത്ത് വേറെയെവിടയും പോകാനില്ലാത്തതിനാല്‍ നാല് കുഞ്ഞുങ്ങളടങ്ങുന്ന കുടുംബം നാല് ദിവസം റയില്‍വേ സ്‌റ്റേഷനില്‍ കഴിച്ചുകൂട്ടി.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും പിങ്ക് പോലീസുമാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബശ്രീയുടെ വെള്ളക്കിണറിന് സമീപമുള്ള താല്‍ക്കാലിക ആശ്വാസ കേന്ദ്രമായ സ്‌നേഹിതയിലെത്തിച്ചു. ആന്ധ്രാ സ്വദേശികളായ ഖദീജ ഉമ്മയ്ക്കും അവരുടെ രണ്ടുപെണ്‍മക്കളായ മുബീനയ്ക്കും ഷാഹിനയ്ക്കും അവരുടെ നാലു കുഞ്ഞുങ്ങള്‍ക്കുമാണ് ഈ ദുര്‍ഗതി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് പതിമൂന്ന് ദിവസം മാത്രമായതിനാല്‍ ഷാഹിനയക്ക് കനത്ത രക്ത സ്രാവവുമുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി ആലപ്പുഴയിലെ വിവിധ വാടക വീടുകളിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ അഞ്ചുദിവസം മാത്രമേ കുടുംബശ്രീ സ്‌നേഹിതയ്ക്ക് കുടുംബത്തിന് താമസ സൗകര്യം നല്‍കാനാകൂ. നിലവിലെ അവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ സ്ത്രീകള്‍.
അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുള്ള ഒറ്റമുറി വീട്ടുടമായ സ്ത്രീ മാസം 7500 രൂപ വാടകയ്ക്കാണ് കുടുംബത്തിന് നൽകിയത്. ദിവസം 250 വീതമായിരുന്നു വാടക. നാലുകുഞ്ഞുങ്ങളുള്‍പ്പെടെ എട്ടുപേരാണ് ഈ ഒറ്റമുറിയില്‍ താമസിച്ചിരുന്നത്.മുബീനയുടെ ഭര്‍ത്താവ് ബാബു ആലപ്പുഴയില്‍ പെയിന്റ് തൊഴിലാളിയാണ്. അയാളുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ഷാഹിനയുടെ പ്രസവത്തെ തുടര്‍ന്നുണ്ടായ ചിലവുകളെ തുടർന്ന് രണ്ടാഴ്ച്ച കൃത്യമായി വാടക നൽകാൻ ഇവർക്ക് സാധിച്ചില്ല. ഇതോടെ വീട്ടുടമ ഇറക്കി വിടുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കുടുംബത്തെ സ്‌നേഹിതയിലാക്കിയ ശേഷം ബാബു തൊഴിലന്വേഷിച്ചു പോയിരിക്കുകയാണ്.
ഖദീജയ്ക്ക് ഒരു കണ്ണിനും ചെവിയ്ക്കും തകരാറുണ്ട്. ഖദീജയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇരുപത്തിമൂന്നുകാരിയായ മുബീനയ്ക്ക് മൂന്നുകുട്ടികളാണുള്ളത്. മൂത്ത കുട്ടി റിസ്വാന് മൂന്നരവയസും രണ്ടാമത്തെ കുട്ടി ആയിഷയ്ക്ക് ഒന്നരവയസും ഇളയകുട്ടി അബ്ദുള്‍ ജബ്ബാറിന് രണ്ടരമാസവുമാണ് പ്രായം. ആന്ധ്രാപ്രദേശില്‍ ചിറ്റൂരാണ് ഇവരുടെ ജന്മസ്ഥലം.അവിടെ വാടക വീടുണ്ടെന്നും പറയുന്നു.
22കാരിയായ ഷാഹിനയുടെ ഭര്‍ത്താവ് റിയാസ് ആന്ധ്രയിലാണ്. ഷാഹിനയെ പ്രസവത്തിന് നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നതാണ് കുടുംബം. ആചാരപ്രകാരം 40 ദിവസം കഴിഞ്ഞേ ഭര്‍ത്താവ് ഷാഹിനയേയും മകനേയും കൂട്ടികൊണ്ടുപോകു. ആദ്യപ്രസവം ഉമ്മയുടെ വീട്ടിലായതിനാല്‍ വീട്ടില്‍ നിന്നിറക്കിവിട്ട വിവരം റിയാസിനെ അറിയിച്ചിട്ടില്ലെന്നും ഷാഹിന പറയുന്നു. തിരിച്ച് ആന്ധ്രയിലേക്ക് തന്നെ പോകാനാണ് കുടുംബം ആഗ്രഹിക്കുന്നത്.
സ്നേഹിത ആലപ്പുഴ - 0477 22 309 12
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam